കൊച്ചി: കരിപ്പൂര്‍ സ്വര്‍ണകടത്ത് കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന പ്രധാന കണ്ണി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ കൊച്ചി കസ്റ്റംസാണ് അര്‍ജുനെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് പ്രീവന്റീവ് ഓഫീസില്‍ അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ ചോദ്യം ചെയ്യലിനായി എത്തിയത്.
രാമനാട്ടുകരയില്‍ അഞ്ച് പേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും എത്തിയത്. സംഭവദിവസം അര്‍ജുന്‍ ആയങ്കിയും കരിപ്പൂരില്‍ എത്തിയതിന്റെ തെളിവ് പുറത്തുവന്നിരുന്നു. കടത്തിക്കൊണ്ടുവന്ന സ്വര്‍ണം വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസ് പിടികൂടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.
ഡിവൈഎഫ്‌ഐ നേതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറിലാണ് അര്‍ജുന്‍ എത്തിയതെന്ന് തെളിഞ്ഞതോടെ ഈ വാഹന ഉടമയെ ഡിവൈഎഫ്‌ഐയില്‍ നിന്ന് പിന്നീട് പുറത്താക്കി. കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുക്കുന്ന പൊട്ടിക്കല്‍ പലതവണ അര്‍ജുന്‍ ആയങ്കി നടത്തിയതായാണ് കസ്റ്റംസിന് വിവരം ലഭിച്ചത്. ഇങ്ങനെ ഇരുപതോളം തവണയാണ് അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടുന്ന സംഘം കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തത്.

