മാസ് വാക്‌സിനേഷന്‍ സംഘടിപ്പിച്ച് താരസംഘടന

കൊച്ചി: മാസ് വാക്‌സിനേഷന്‍ സംഘടിപ്പിച്ച് താരസംഘടനയായ അമ്മ. അമ്മയുടെ ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങ് നടി മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി, പി.ടി.തോമസ് എം.എല്‍.എ, ഇടവേള ബാബു, ബാബുരാജ്, രചന നാരായണന്‍ കുട്ടി, ടിനി ടോം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

പ്രതിരോധ കുത്തിവയ്പ്പിന്റെ അനിവാര്യത മനസ്സിലാക്കി കൊണ്ടാണ് അമ്മ വാക്‌സിനേഷന്‍ ഡ്രൈവിലേക്കു മുന്നിട്ടിറങ്ങിയിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
ഇനിയും വാക്‌സിന്‍ ചെയ്യാത്ത അംഗങ്ങളെയും രണ്ടാമത്തെ ഡോസിനു സമയമായവരെയും കണ്ടെത്തിയാണ് ഇത്തരം ഒരു സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൊച്ചി അമൃത ആശുപത്രിയുടെ സഹകരണത്തോടെയാണ് ‘അമ്മ’ ഈ ഉദ്യമത്തിന് മുന്‍കൈ എടുത്തിട്ടുള്ളത്.

വാക്‌സിന്‍ പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചു.60 വയസ്സിനു മുകളില്‍ വാക്‌സിന്‍ നല്‍കിക്കൊണ്ടിരുന്ന ആദ്യ ഘട്ടത്തിലും അംഗങ്ങള്‍ക്കായി കിന്റര്‍ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയുമായി സഹകരിച്ചു ഇത്തരത്തിലൊരു ക്യാമ്പയിന്‍ സംഘടന നടത്തിയിരുന്നു.

അതേസമയം, കേരളത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്ക്കുന്നതിനാല്‍ തീയറ്ററുകള്‍ തുറക്കാന്‍ ഉടന്‍ അനുമതി നല്‌കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ലോക്ക് ഡൗണ്‍ പിന്‍വലിച്ച് തീയറ്ററുകള്‍ തുറന്നാല്‍ റിലീസിന് തയ്യാറെടുക്കുന്നുണ്ട്.