ഇ-ചെലാൻ സംവിധാനം; രണ്ടും മൂന്നും ഘട്ടങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഓൺലൈൻ ആയി പിഴ ഈടാക്കുന്ന ഇ-ചെലാൻ സംവിധാനത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഓൺലൈനിലൂടെയായിരുന്നു ഉദ്ഘാടനം.

ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ-ചെലാൻ സംവിധാനം നിലവിൽ വന്നു. എ.ഡി.ജി.പി മനോജ് എബ്രഹാം, ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി ഐ.ജി ജി.ലക്ഷ്മൺ, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ജനറലും സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫീസറുമായ പി.വി മോഹൻ കൃഷ്ണൻ, ട്രഷറി വകുപ്പ് ഐ.റ്റി വിഭാഗം മേധാവി രഘുനാഥൻ ഉണ്ണിത്താൻ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും ഡിജിറ്റൽ സെന്റർ ഓഫ് എക്സലൻസ് തലവനുമായ ജിതേഷ്.പി.വി, പൈൻലാബ്സിന്റെ ഗവൺമെന്റ് ആന്റ് എമർജിംഗ് ബിസിനസ് വിഭാഗം അസിസ്റ്റന്റ് സെയിൽസ് മാനേജർ വിനായക്.എം.ബി എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

വാഹന പരിശോധനയും പിഴ അടയ്ക്കലും എളുപപ്പമാക്കുന്ന സംവിധാനമാണ് ഇ-ചെലാൻ. തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, എറണാകുളം സിറ്റി, തൃശൂർ സിറ്റി, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ ഈ സംവിധാനം നേരത്തെ നിലവിൽ വന്നിട്ടുണ്ട്. 11 മാസത്തിനിടെ ഇവിടെ നിന്നും 17 കോടിയിലധികം രൂപയാണ് ഇ-ചെലാൻ വഴി പിഴയായി ലഭിച്ചത്. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശമുളള പ്രത്യേക ഉപകരണത്തിൽ വാഹനത്തിന്റെ നമ്പരോ ഡ്രൈവിംഗ് ലൈസൻസ് നമ്പരോ നൽകിയാൽ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാമെന്നതാണ് ഇ-ചെലാൻ സംവിധാനത്തിന്റെ പ്രത്യേകത. വാഹനപരിശോധനയ്ക്കിടെ രേഖകൾ നേരിട്ട് പരിശോധിക്കുന്നത് മൂലമുളള സമയനഷ്ടം പരിഹരിക്കാൻ ഇൃ-ചെലാൻ പദ്ധതിയിലൂടെ കഴിയും. പിഴ അടയ്ക്കാനുളളവർക്ക് ഓൺലൈൻ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം അടയ്ക്കം. ഇത്തരം സംവിധാനങ്ങൾ കൈവശം ഇല്ലാത്തവർക്ക് പിഴ അടയ്ക്കാൻ പ്രത്യേകം സൗകര്യവും ഏർപ്പെടുത്തും.

നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് പദ്ധതിയ്ക്കുള്ള സോഫ്റ്റ് വെയർ തയ്യാറാക്കിയത്. ഡിജിറ്റൽ സംവിധാനമായതിനാൽ ഒരു വിധത്തിലുമുളള പരാതിക്കും അഴിമതിക്കും പഴുതുണ്ടാവില്ല.