തായ്പെ: ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷം യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ചൈനയ്‌ക്കെതിരെ സൈനിക നടപടിയ്ക്കായി സജ്ജമാകാനൊരുങ്ങുകയാണ് തായ്‌വാനെന്നാണ് വിവരം. ചൈനയുടെ ഇടപെടൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് സൈനിക നടപടിക്കായി സജ്ജമാകണമെന്ന് തായ്‌വാൻ വിദേശകാര്യമന്ത്രി ജോസഫ് വു ആഹ്വാനം ചെയ്യുന്നത്.
തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന നിലപാടാണ് ചൈനയ്ക്ക്. എന്നാൽ തങ്ങൾ ഒരു സ്വതന്ത്രരാഷ്ട്രമാണെന്നാണ് തായ്‌വാൻ ഭരണകൂടം വ്യക്തമാക്കുന്നത്. തായ്‌വാന്റെ വ്യോമമേഖലയിലേക്ക് ചൈന കഴിഞ്ഞ ദിവസം യുദ്ധവിമാനങ്ങൾ പറത്തിയിരുന്നു. ഫൈറ്റർ ജെറ്റുകളും ബോംബർ വിമാനങ്ങളും ഉൾപ്പെടെ 28 യുദ്ധവിമാനങ്ങളാണ് ചൈന തായ്‌വാനിൽ പറത്തിയത്. ഇനിയും ഇത്തരം അതിക്രമങ്ങൾ തുടരാൻ ചൈനയെ അനുവദിക്കില്ലെന്നും യുദ്ധത്തിന് സജ്ജരാകണമെന്നുമാണ് ജോസഫ് വു അറിയിച്ചിരിക്കുന്നത്.
1949 ലെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് തായ്‌വാൻ സ്വതന്ത്ര രാജ്യമായത്. എന്നാൽ ചൈന ഇത് ഇതുവരെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. കഴിഞ്ഞ ആഴ്ച്ച തായ്‌വാൻ കോവിഡ് വാക്‌സിൻ സ്വീകരിച്ചത് യുഎസിൽ നിന്നാണ്. ചൈന വാക്‌സിൻ കൊടുക്കാൻ തയ്യാറായെങ്കിലും അത് നിരസിച്ചു കൊണ്ടാണ് തായ്‌വാൻ അമേരിക്കയിൽ നിന്നും വാക്‌സിൻ വാങ്ങിയത്. ഇത് ചൈനയെ പ്രകോപിതരാക്കിയെന്നാണ് റിപ്പോർട്ട്.

