കൊച്ചി: കോവിഡ് വാക്സിനുകള്‍ ബുക്ക് ചെയ്യാനുള്ള എളുപ്പവഴി കണ്ടെത്തി അഞ്ച് മലയാളി സുഹൃത്തുക്കള്‍. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായ ഫൈന്‍ഡ് മൈ വാക്സിന് എന്ന ആപ്പ് അടുത്തുള്ള സെന്ററുകളിലെ വാക്സിന് ലഭ്യത നോട്ടിഫിക്കേഷന്‍ വഴി അറിയിക്കും. നോട്ടിഫിക്കേഷ നുകള്‍ കൃത്യമായിരിക്കും എന്നത് മാത്രമല്ല ഫൈന്‍ഡ് മൈ വാക്സിന്റെ പ്രത്യേകത. ഒരു രൂപ പോലും വരുമാനമില്ലാതെ തികച്ചും സമൂഹ്യപ്രതിബദ്ധത മൂലം മാത്രം നിര്‍മ്മിച്ച ഈ ആപ്പ് തികച്ചും സൗജന്യമാണെന്ന് മാത്രമല്ല, മറ്റ് ആപ്പുകളിലേത് പോലെ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ വിവരങ്ങളൊന്നും നല്‍കേണ്ടതുമില്ല.
സുഹൃത്തുക്കളും കോട്ടയം സ്വദേശികളുമായ ശരത് മോഹന്‍, എന്‍ എം ജോഫി, എസ് അര്ജുന്, വയനാട് സ്വദേശി സി ആര് അരുണ്‍, പത്തനംതിട്ട സ്വദേശി ബിബിന്‍ എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ആപ്പ് വികസിപ്പിച്ചത്.ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തശേഷം പിന്‍കോഡ്, ജില്ല എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് ഇതിലുള്ള ബെല്‍ ഐക്കണ്‍ ക്ലിക് ചെയ്ത് സബ്സ്ക്രൈബ് ചെയ്താല്‍ മതി.
പിന്‍കോഡുള്ള പ്രദേശത്തോ ജില്ലയിലോ വാക്സിന് ലഭ്യമായ സെന്ററുകളുടെ ലിസ്റ്റ് ആപ്പ് നോട്ടിഫിക്കേഷനായി അയച്ചുതരും. വാക്സിന് ലഭ്യതാ വിവരങ്ങള്‍ അറിഞ്ഞാല്‍ ഒഴിവുള്ള സ്ലോട്ടുകള്‍ കോവിന്‍ ആപ്പില്‍ കയറി ബുക്ക് ചെയ്യാം. ഒരേ സമയം അഞ്ച് സ്ഥലം വരെ സബ്സ്ക്രൈബ് ചെയ്യാന്‍ ഈ ആപ്പില്‍ സൗകര്യമുണ്ട്.ജൂണ്‍ ആദ്യവാരത്തിലാണ് ആപ്പ് പ്ലേസ്റ്റോറില്‍ അപ്ലോഡ് ചെയ്തത്. മൂന്നാഴ്ച്ച പിന്നിടുമ്പോള്‍ ആറായിരത്തിലധികം മലയാളികള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞു.

