തിരുവനന്തപുരം: യുഡിഎഫ് വിടാനൊരുങ്ങി ആർഎസ്പി. നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് മുന്നണി വിടണമെന്ന വികാരം ആർ.എസ്.പിയിൽ ശക്തമാകുന്നത്. യു.ഡി.എഫിൽ തുടരുന്നത് പാർട്ടിക്ക് നഷ്ടക്കച്ചവടമാണെന്നാണ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭൂരിപക്ഷം പേരും മുന്നണി വിടണമെന്ന വികാരമാണ് പങ്കുവെച്ചത്. ഇടതുമുന്നണിയിലേക്ക് മടങ്ങണമെന്നാണ് പലരും ആവശ്യപ്പെട്ടത്.
എന്നാൽ ചിലർ ഈ തീരുമാനത്തെ എതിർത്തു. 34 വർഷം ഇടത് ഐക്യത്തിനായി ത്യാഗം സഹിച്ച പാർട്ടിക്ക് പല കാലങ്ങളിലായി സീറ്റുകളടക്കം വിട്ടു നൽകേണ്ട അവസ്ഥയാണുണ്ടായതെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. ജൂലായ് എട്ടിന് വീണ്ടും സംസ്ഥാന കമ്മിറ്റി ചേരാൻ തീരുമാനം. ചർച്ചകൾ പൂർത്തിയാക്കിയ ശേഷം വിപുലമായ കൺവെൻഷൻ വിളിക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് കടക്കാമെന്നാണ് ധാരണയായിരിക്കുന്നത്.
കൃത്യമായ രാഷ്ട്രീയ വിഷയമില്ലാതെ മുന്നണി വിടുന്നത് യുക്തിസഹജമല്ലെന്നും ഇനിയും ഇടതുമുന്നണിയിലേക്ക് തിരിച്ചുചെന്നാൽ കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നതുമാണ് ആർഎസ്പിയെ യുഡിഎഫ് വിടുന്നതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. 2014 ൽ ഇടതുമുന്നണി വിട്ട ശേഷം നടന്ന ആറ് തിരഞ്ഞെടുപ്പുകളിൽ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ആർഎസ്പിയ്ക്ക് വിജയിക്കാനായത്. യു.ഡി.എഫിൽ മുഖ്യപാർട്ടിയായ കോൺഗ്രസിൽ സംഘടനാ ദൗർബല്യം പ്രകടമാണെന്നും പുതിയ നേതൃത്വം വന്നിട്ടും കാര്യമില്ലെന്നുമാണ് മുന്നണി വിടണമെന്ന് ആവശ്യപ്പെടുന്ന നേതാക്കൾ വാദിക്കുന്നത്. കെ. സുധാകരനും വി.ഡി. സതീശനും നേതൃസ്ഥാനങ്ങളിലേക്കെത്തിയത് പ്രതീക്ഷ നൽകുന്നുണ്ടെന്നാണ് ചിലരുടെ അഭിപ്രായം.

