കൊച്ചി: 52 വീടുകൾ ചേർന്ന ഒരു ജൈവ കൂട്ടായ്മ. മൂഴിക്കുളം ശാലയെന്ന് പേരുള്ള ഈ ജൈവക്കൂട്ടായ്മയ്ക്ക് ചില പ്രത്യേകതകൾ ഉണ്ട്. ഇവിടുത്തെ വീടുകൾക്കിടയിൽ മതിലുകളില്ല. ശാലയ്ക്ക് മുന്നിലെ ഗേറ്റും ഇവിടെ അടയ്ക്കാറില്ല.
ജീവിത രീതികളിലൂടെ കോവിഡ് വൈറസ് എന്ന മഹാമാരിയെ പോലും മാറ്റിനിർത്താൻ ഇവർക്ക് കഴിഞ്ഞു. 30 കുടുംബങ്ങളിലായി 70 പേർ നിലവിൽ ഇവിടെ താമസിക്കുന്നുണ്ട്. എന്നാൽ ഇവിടെ ഇതുവരെ ഒരു കുടുംബത്തിന് മാത്രമാണ് കോവിഡ് പോസിറ്റീവായത്. നാട്ടറവികളുടെയും മണ്ണറിവുകളുടെയും പരിസ്ഥിതിയറിവുകളുടെയും പ്രചാരണം എന്ന ലക്ഷ്യം വച്ച് 2003 മാർച്ച് 19 നാണ് എറണാകുളത്ത് മൂഴിക്കുളംശാല ആരംഭിക്കുന്നത്. നാലുകെട്ട് മാതൃകയിലുള്ള 23 വീടുകളും 29 ഒറ്റമുറി വീടുകളുമാണ് ജൈവശാലയിലുള്ളത്. ഓരോ നിലകൾ മാത്രമുള്ള ഈ വീടുകൾക്കൊന്നും മതിലുകളില്ല.
നൂറ്റിയമ്പതിലധികം വ്യത്യസ്ത സസ്യങ്ങൾ ഈ ജൈവശാലയിലുണ്ട്. കാർബൺ ന്യൂട്രൺ അടുക്കളയാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. ജൈവക്യാംപസിനോടു ചേർന്നുള്ള 50 സെന്റിലുള്ള ജൈവ പാഠശാലയിൽ ജൈവക്കൃഷി ചെയ്യുന്നു. ക്യാംപസിൽ വീഴുന്ന കരിയിലകൾ വളമായി മാറ്റി ഇവിടെ ഉപയോഗിക്കുന്നു. പ്രകൃതിയുടെയും ആരോഗ്യത്തിന്റെയും രാഷ്ട്രീയം പങ്കുവയ്ക്കുകയാണു കാർബൺ ന്യൂട്രൽ അടുക്കള.
നാട്ടുഗന്ധമുള്ള, നാട്ടുരുചിയുള്ള, വേവിക്കാത്ത, നാട്ടുഭക്ഷണമാണ് ഈ അടുക്കളയുടെ പ്രത്യേകത. വേവിക്കാതെ കഴിക്കാവുന്ന പച്ചക്കറികൾ, മുളപ്പിച്ച ധാന്യങ്ങൾ, പഴങ്ങൾ പഴച്ചാറുകൾ, ഉണക്കിയ പഴങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഭക്ഷണ വിഭവങ്ങൾ. കലാ, സാംസ്‌കാരിക പരിപാടികൾ നടത്താനായി ഒരു കലാശാലയും ഇവിടെയുണ്ട്. എറണാകുളം ജില്ലയിലാണ് മൂഴിക്കുളം ശാല സ്ഥിതി ചെയ്യുന്നത്.

