ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുപ്രീം കോടതി നിയോഗിച്ച പ്രത്യേക സമിതി. കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന്റെ ഓക്സിജൻ ആവശ്യകത ഡൽഹി സർക്കാർ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്നാണ് പ്രത്യേക സമിതി കണ്ടെത്തിയിരിക്കുന്നത്. വേണ്ടിയിരുന്ന ഓക്സിജൻ അളവിനേക്കാൾ നാല് മടങ്ങാണ് ഡൽഹി ആവശ്യപ്പെട്ടതെന്നാണ് സമിതി പറയുന്നത്. ഇക്കാര്യങ്ങൾ വിശദമാക്കി പ്രത്യേക സമിതി ഇടക്കാല റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇത് മറ്റു സംസ്ഥാനങ്ങളുടെ ഓക്സിജൻ ലഭ്യതയെ ബാധിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കിടക്കകളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ച് 289 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് ഡൽഹിയ്ക്ക് ആവശ്യമുണ്ടായിരുന്നത്. എന്നാൽ 1,140 മെട്രിക് ടൺ ഓക്‌സിജനാണ് ഡൽഹി സർക്കാർ ആവശ്യപ്പെട്ടത്. ശരാശരി ഓക്സിജൻ ഉപഭോഗം 284-372 മെട്രിക് ടൺ ആയിരിക്കെ നാലിരട്ടിയോളം അളവ് ആവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം ഡൽഹി തടസപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കിടക്കകളുടെ എണ്ണം കുറവുള്ള ഡൽഹിയിലെ സിംഘാൽ ആശുപത്രി, അരുണ ആസിഫ് ആശുപത്രി, ഇഎസ്ഐസി മോഡൽ ആശുപത്രി ലൈഫറി ആശുപത്രി തുടങ്ങിയ ആശുപത്രികൾ കൂടുതൽ ഓക്സിജന് വേണ്ടി മുറവിളി കൂട്ടിയിരുന്നു. ഇവർ നൽകിയ കണക്കുകൾ തെറ്റായിരുന്നുവെന്ന് പരിശോധനയിൽ വ്യക്തമായതായും കണക്കുകളിൽ വൈരുദ്ധ്യം കണ്ടെത്തിയതായും സമിതി വിശദീകരിച്ചു.

