ഒരേ സമയം 15 പേരിൽ കൂടുതൽ പ്രവേശിക്കാൻ പാടില്ല; അന്നദാനം അനുവദിക്കരുത്; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങൾക്കായുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള ഇടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ക്ഷേത്രങ്ങളുടെ പ്രവർത്തനത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മാർഗരേഖ പുറത്തിറക്കിയത്.

ക്ഷേത്രങ്ങളുടെ പൂജാ സമയങ്ങൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് മുമ്പുള്ളതിന് സമാനമായ രീതിയിൽ ക്രമീകരിക്കാമെന്ന് ബോർഡ് നിർദേശം നൽകി. ഒരേ സമയം 15 പേരിൽ കൂടുതൽ ദർശനത്തിനായി ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ പാടില്ലെന്നും അന്നദാനം അനുവദിക്കരുതെന്നും മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

ക്ഷേത്രങ്ങളിലെ പൂജാ സമയങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കരുത്. ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർ മാസ്‌ക് ധരിച്ചിച്ചിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം. ശ്രീകോവിലിൽ നിന്നു ശാന്തിക്കാർ ഭക്തർക്ക് നേരിട്ട് പ്രസാദം വിതരണം ചെയ്യാൻ പാടില്ലെന്നും വഴിപാട് പ്രസാദങ്ങൾ നാലമ്പലത്തിന് പുറത്ത് ഭക്തരുടെ പേര് എഴുതിവെച്ച് വിതരണം ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും ദേവസ്വം നിർദ്ദേശിക്കുന്നു. സാമൂഹിക അകലം പാലിച്ച് ബലിതർപ്പണ ചടങ്ങുകൾ നടത്താം. എന്നാൽ സപ്താഹം, നവാഹം തുടങ്ങിയവയ്ക്ക് അനുവാദമുണ്ടായിരിക്കില്ല.