അടിമുടി മാറ്റങ്ങളുമായി കോൺഗ്രസ്; ജംബോ കമ്മിറ്റി പൊളിച്ചെഴുതാൻ തീരുമാനം

തിരുവനന്തപുരം: കോൺഗ്രസിലെ ജംബോ കമ്മിറ്റി പൊളിച്ചെഴുതാൻ തീരുമാനിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. കോൺഗ്രസിന്റെ പഴയകാല ചരിത്രത്തെ അനുസ്മരിക്കുന്ന രീതിയിൽ 51 അംഗങ്ങൾ അടങ്ങിയ ഭാരവാഹി കമ്മിറ്റി മതിയെന്നാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കെപിസിസി പ്രസിഡന്റ്, മൂന്ന് വർക്കിങ് പ്രസിഡന്റുമാർ, മൂന്ന് വൈസ് പ്രസിഡന്റുമാർ, 15 ജനറൽ സെക്രട്ടറിമാർ, ഒരു ട്രഷറർ എന്ന നിലയിലാകും പുതിയ കെപിസിസിയിലെ ഭാരവാഹികകളെന്ന് രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ കെ സുധാകരൻ വ്യക്തമാക്കി.

കെപിസിസിയിൽ സ്ത്രീ, ദളിത് പ്രാതിനിധ്യം ഉറപ്പുവരുത്തും. സ്ത്രീകൾക്കും എസ്.സി/എസ്.ടി വിഭാഗത്തിലെ നേതാക്കൻമാർക്കും 10 ശതമാനം സംവരണം നൽകും. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ മൂന്ന് അംഗങ്ങൾ വീതമുള്ള അഞ്ച് മേഖല കമ്മിറ്റികളെ നിശ്ചയിക്കുമെന്നും സുധാകരൻ വിശദീകരിച്ചു. പാർട്ടിയുടെ താഴേത്തട്ടിലുള്ള ഘടകമായി അയൽക്കൂട്ടം കമ്മിറ്റികൾ പ്രവർത്തിക്കാനും യോഗത്തിൽ ധാരണയായി.. 30 മുതൽ 50 വീടുകളെ ഉൾപ്പെടുത്തി അയൽക്കൂട്ടം കമ്മിറ്റികൾ രൂപീകരിക്കും. ഇത് പാർട്ടി സെമി കേഡർ സംവിധാനത്തിലേക്ക് മാറുന്നതിന് സഹായിക്കുമെന്നും രാഷ്ട്രീയ വിദ്യാഭ്യാസത്തിനായി കെപിസിസി പൊളിറ്റിക്കൽ സ്‌കൂൾ ആരംഭിക്കാൻ തീരുമാനിച്ചതായും സുധാകരൻ കൂട്ടിച്ചേർത്തു.

പാർട്ടിയിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും കെ സുധാകരൻ മുന്നറിയിപ്പ് നൽകി. അച്ചടക്കം ഉറപ്പാക്കാൻ ജില്ലാ തലത്തിൽ അച്ചടക്ക സമിതിയും സംസ്ഥാന തലത്തിൽ അപ്പീൽ അച്ചടക്ക സമിതിയും രൂപീകരിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.