കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ തെളിവുകളുണ്ടെന്ന് ഐ ജി അര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹര്‍ഷിത. വിസ്മയയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടാനാകില്ലെന്നും വിസ്മയയുടെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അയല്‍ക്കാര്‍ തുടങ്ങിയവരില്‍ നിന്നും മൊഴിയെടുക്കുമെന്നും ഐജി പറഞ്ഞു.
അതേസമയം,വിവാഹത്തിന് മുന്‍പും വിസ്മയയെ കിരണ്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. വിസ്മയയുടെ അമ്മ സജിത വി നായരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹ നിശ്ചയത്തിന് ശേഷം സുഹൃത്തുക്കള്‍ക്ക് ഫോണില്‍ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആണ്‍കുട്ടികളോട് സംസാരിക്കുന്നെന്നും പറഞ്ഞ് വിസ്മയയെ കിരണ്‍ മര്‍ദിച്ചിരുന്നതായി അമ്മ പറയുന്നു. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം വിസ്മയയെ ഉപദ്രവിച്ചു.
തന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവളുടെ വിഷമങ്ങള്‍ കൂട്ടുകാരികളോടാണ് അടുത്തിടെയായി കൂടുതലായി പറഞ്ഞിരുന്നത്.താനാണോ സ്ത്രീധനമാണോ വലുത് എന്ന് വിസ്മയ ഒരിക്കല്‍ കിരണിനോട് ചോദിച്ചതായി അവള് പറഞ്ഞതായും അമ്മ പറയുന്നു. ജീവിക്കണമെങ്കില്‍ സ്ത്രീധനം വേണമെന്നായിരുന്നു കിരണിന്റെ മറുപടി. വിവാഹത്തിന് ശേഷം കാറിന് മൈലേജ് കിട്ടുന്നില്ലെന്നും മറ്റൊരു കാര്‍ വേണമെന്നും പറഞ്ഞ് വീട്ടില്‍ വന്നു വഴക്കുണ്ടാക്കി. അന്ന് വിസ്മയയുടെ അച്ഛനെ അസഭ്യം പറയുകയും വിവാഹത്തിന് ഞങ്ങള്‍ കിരണിനെ അണിയിച്ച മാല ഊരി എറിയുകയും ചെയ്തുവെന്നും വിസ്മയയുടെ അമ്മ പറയുന്നു.

