വാക്‌സിൻ സ്ലോട്ട് ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ; പ്രശ്‌ന പരിഹാരവുമായി കേരളാ പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ പ്രക്രിയ വേഗത്തിൽ പുരോഗമിക്കുന്നയാണ്. എന്നാൽ ഇതിനിടയിലും പലർക്കും വാക്‌സിൻ ബുക്ക് ചെയ്യുന്നതിൽ പ്രയാസം നേരിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റായ കോവിനിലൂടെയാണ് വാക്‌സിന് വേണ്ടി ബുക്ക് ചെയ്യുന്നത്. കോവിൻ വഴി സ്ലോട്ട് കിട്ടാൻ പ്രയാസപ്പെടുന്നതായാണ് പലരും പരാതിപ്പെടുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം നിർദ്ദേശിച്ച് എത്തിയിരിക്കുകയാണ് കേരളാ പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

vaccinefind.in വെബ്സൈറ്റിലൂടെ വാക്‌സിൻ സ്ലോട്ട് തിരയുക എളുപ്പമാണെന്നാണ് കേരളാ പോലീസ് അറിയിച്ചിരിക്കുന്നത്. അടുത്ത രണ്ട് ആഴ്ചത്തെ വാക്സിൻ സ്ലോട്ടുകൾ കണ്ടെത്തി തരുമെന്നതാണ് ഇതിന്റെ സവിശേഷത. വാക്സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തി കാണിക്കുന്നത് കാരണം വേഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും. വാക്സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് ചെയ്യുന്നതിലൂടെ ആളുകൾക്ക് വാക്സിൻ വരുന്നത് പെട്ടെന്നു തന്നെ അറിയാൻ സാധിക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി.

സ്ലോട്ടുകൾ ലഭ്യമല്ലെങ്കിൽ, വെബ്‌സൈറ്റ് ഓട്ടോമാറ്റിക് ആയി അടുത്ത ലഭ്യമായ വാക്സിൻ സ്ലോട്ട് തിരയുകയും ആളുകളെ ബ്രൗസറിൽ സൗണ്ട് വഴി അറിയിക്കുകയും ചെയ്യും. ഒരു തവണ സംസ്ഥാനവും ജില്ലയും തെരഞ്ഞെടുത്താൽ, പിന്നീട് ബ്രൗസർ തുറക്കുമ്പോൾ തന്നെ വാക്സിൻ സ്ലോട്ട് ലഭ്യമാണോ എന്നത് നമുക്ക് അറിയാൻ സാധിക്കും .നമ്മൾ തെരഞ്ഞെടുക്കുന്ന ഓപ്ഷനുകൾ ബ്രൗസറിൽ സേവ് ചെയ്യുന്നതിലൂടെ വാക്സിൻ തിരയുന്ന പ്രക്രിയ വളരെ ആയാസ രഹിതമാകുന്നു. പെട്ടെന്നു സ്ലോട്ടുകൾ കണ്ടെത്തുന്നതിന് 40 + ഫിൽട്ടറും, ഡോസ് 1 , ഡോസ് 2 ഫിൽട്ടറും സൈറ്റിൽ നൽകിയിട്ടുണ്ട്. മലയാളം ഉൾപ്പടെ 11 ഭാഷകളിൽ ഈ വെബ്‌സൈറ്റ് ലഭ്യമാണ്. MashupStack ഉം കേരളാപോലീസ് സൈബർഡോമും ചേർന്നാണ് ഈ വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തത്.