മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂടുതൽ അടുക്കുന്നതാണ് നല്ലതെന്ന് ചൂണ്ടിക്കാട്ടി ശിവസേന എം.എൽ.എ പ്രതാപ് സർനായിക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചതായി റിപ്പോർട്ട്. കോൺഗ്രസും എൻ.സി.പിയും ശിവസേനയെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ മഹാസംഖ്യത്തിൽ വിള്ളൽ വീണുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
പ്രധാനമന്ത്രി മോദിയുമായി അടുക്കുന്നതാണ് നല്ലത്. വീണ്ടും ബി.ജെ.പിയുമായി ഒന്നിച്ചാൽ അത് പാർട്ടിക്കും പ്രവർത്തകർക്കും ഗുണം ചെയ്യുമെന്ന് കത്തിൽ വിശദീകരിക്കുന്നു. നരേന്ദ്ര മോദിയുമായി അടുക്കുകയാണെങ്കിൽ, താനും അനിൽ പരബ് ഉൾപ്പെടെയുള്ള നേതാക്കളും കുടുംബവും ഇപ്പോൾ അനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടുമെന്നും പ്രതാപ് സർനായിക് വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വെളിപ്പെടുത്തി പിസിസി അദ്ധ്യക്ഷൻ നാന പടോലെ രംഗത്തെത്തിയിരുന്നു. താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നും നാന പടോലെ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയ്ക്ക് പ്രതാപ് സർനായിക് കത്തയച്ചത്.
പ്രതാപ് സർനായിക്കിന്റെ കത്തിനെ പിന്തുണച്ച് ശിവസേനാ വക്താവ് സഞ്ജയ് റൗത്ത് രംഗത്തെത്തിയിരുന്നു.

