ടിപി ചന്ദ്രശേഖരനെ പോലെ ഒരാളെ കൊല ചെയ്യാൻ തീരുമാനമെടുത്ത ഒരു പാർട്ടിയിൽ ഇനിയും വിശ്വസിക്കാൻ കഴിയുമോ; കെ കെ രമ

തിരുവനന്തപുരം: യഥാർത്ഥ ഇടതുപക്ഷ, മാർക്‌സിസ്റ്റ് വിശ്വാസിയായ ഒരാളെ കൊല ചെയ്യുന്ന പാർട്ടിയായ സിപിഎമ്മിനെ എങ്ങനെ വിശ്വസിക്കാൻ കഴിയുമെന്ന് ആഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കെ കെ രമയുടെ പ്രതികരണം. ടിപി ചന്ദ്രശേഖരനെ പോലെ ഒരാളെ കൊല ചെയ്യാൻ തീരുമാനമെടുത്ത ഒരു പാർട്ടിയിൽ ഇനിയും വിശ്വസിക്കാൻ കഴിയുമോയെന്നും പാർട്ടി തെറ്റുതിരുത്തും എന്ന് കരുതാൻ പറ്റുമോയെന്നും രമ ചോദിച്ചു.

പ്രശ്‌നങ്ങളൊക്കെ അവസാനിച്ച് ഒരൊറ്റ രാഷ്ട്രീയ പാർട്ടിയായി പോരാട്ടം നടത്താൻ കഴിയും എന്ന് വിശ്വസിച്ച ഒരു കാലം ഉണ്ടായിരുന്നു. പാർട്ടി തെറ്റുതിരുത്തുമെന്നും തിരിച്ച് സിപിഎമ്മിലേക്ക് പോകാൻ കഴിയും എന്നും കരുതിയിരുന്നു. എന്നാൽ പാർട്ടി തെറ്റ് തിരുത്തിയില്ല എന്ന് മാത്രമല്ല ടിപിയെ വധിക്കുകയും ചെയ്തു. ആർഎംപിയിൽ പ്രവർത്തിച്ചവരെ മുഴുവൻ ആളുകളെയും ഇല്ലാതാക്കാനായിരുന്നു സിപിഎമ്മിന്റെ ശ്രമം. ഇപ്പോഴും വികലാംഗരായി നടക്കുന്നവർ ആർഎംപിയിലുണ്ട്. സിപിഎമ്മിന്റെ മുമ്പിൽ പിടിച്ചു നിന്നുകൊണ്ടാണ് പോരാടിയത്. ആർഎംപിയിലേക്ക് വന്ന ആളുകളൊന്നും സ്വാർത്ഥത കൊണ്ട് വന്നവരല്ല. എന്തെങ്കിലും സ്ഥാനമാനങ്ങൾ കിട്ടുമെന്നും അവർ പ്രതീക്ഷിച്ചിട്ടില്ലെന്നും കെ കെ രമ പറയുന്നു.

നിലപാടെടുത്ത് ഒപ്പം ചേർന്ന മനുഷ്യരുണ്ട്. അവർ ഒരുപാട് വേദന അനുഭവിച്ചു. അവർക്കെതിരെ ഒട്ടേറെ പീഡനങ്ങൾ നടന്നു. കള്ളക്കേസുകളിൽ കുടുക്കിയതു കാരണം ജോലിക്ക് പോകാൻ കഴിയാത്ത ചെറുപ്പക്കാർ ഇന്നും അവിടെയുണ്ട്. എങ്ങനെയാണ് ആ പാർട്ടി ഒരു പ്രദേശത്തെ ജനങ്ങളെ സമീപിച്ചതെന്ന് മനസ്സിലാക്കണമെങ്കിൽ ഒഞ്ചിയത്തേക്ക് വന്നാൽ മതിയെന്നും ഇത്തരത്തിൽ പെരുമാറാൻ കഴിയുന്ന പാർട്ടി തെറ്റുതിരുത്തുമെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും കെ കെ രമ കൂട്ടിച്ചേർത്തു.