പോലീസ് സ്‌റ്റേഷൻ പരിസരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യണം; മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി റിപ്പോർട്ട്

തിരുവനന്തപുരം: വിവിധ കേസുകളിൽ പിടികൂടി പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. പോലീസ് സ്റ്റേഷൻ പരിസരത്തും സമീപ റോഡുകളിലും സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിർദ്ദേശം പുറപ്പെടുവിച്ചതായാണ് വിവരം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

പോലീസ് പിടികൂടുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ദേശീയപാതകൾ ഉൾപ്പെടെയുള്ള പ്രധാന റോഡുകളുടെ വശത്ത് പാർക്ക് ചെയ്യുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പോലീസ് മേധാവിയെ അറിയിച്ചുവെന്നാണ് സൂചന. തുടർന്നാണ് ഡിജിപി ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചത്.

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളുടെയും സമീപത്തെ റോഡുകളിൽ പാർക്ക് ചെയ്തിരിക്കുന്ന ഇത്തരം വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് അറിയിക്കാനാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തരം വാഹനങ്ങൾ ഒരു മാസത്തിനുള്ളിൽ നീക്കം ചെയ്യാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ കൂട്ടിയിടാൻ അനുവദിക്കില്ലെന്നും മാർഗ നിർദ്ദേശത്തിൽ വിശദമാക്കുവെന്നാണ് വിവരം. ആവശ്യമില്ലാതെ വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാൻ പാടില്ല. നിയമ പ്രകാരമുള്ള നടപടികൾക്ക് ശേഷം അത്തരം വാഹനങ്ങൾ ഉടൻ വിട്ടുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്നും മാർഗ നിർദ്ദേശത്തിൽ പറയുന്നു. വാഹനങ്ങൾ വിട്ടുനൽകാൻ നിയമ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ റവന്യൂ അധികൃതരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തി ഇത്തരം വാഹനങ്ങൾ അങ്ങോട്ടു മാറ്റാനുള്ള നീക്കം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.