വാഷിംഗ്ടൺ: കോവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ശക്തമായ മാർഗങ്ങളിലൊന്നാണ് വാക്‌സിൻ കുത്തിവെയ്പ്പ്. വാക്‌സിനേഷൻ ഡ്രൈവിലൂടെ കോവിഡിനെതിരെ പ്രതിരോധം തീർക്കാനാണ് ലോകരാജ്യങ്ങൾ ശ്രമിക്കുന്നത്. വാക്‌സിൻ സംബന്ധിച്ച് നിരവധി പ്രചാരണങ്ങൾ നടക്കുന്നുണ്ട്. വാക്‌സിന് പാർശ്വഫലങ്ങളുണ്ടെന്നും ചില വാക്‌സിനുകൾ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കൽ ഉണ്ടായെന്നും മരണം സംഭവിച്ചുവെന്നുമുള്ള തരത്തിൽ ധാരാളം പ്രചാരണങ്ങൾ നടന്നിരുന്നു. ഇത്തരം വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ എന്തെന്ന് നോക്കാം.
ഇത്തരം സംഭവങ്ങൾ വളരെ അപൂർവമാണെന്നും ഇത് വാക്‌സിൻ എടുക്കുന്നതിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയാണെന്നുമാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി) വ്യക്തമാക്കുന്നത്. സിഡിസിയുടെ കണക്കുകൾ പ്രകാരം അമേരിക്കയിൽ ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ കുത്തിവെയ്പ്പ് സ്വീകരിച്ച 11.2 ദശലക്ഷം പേരിൽ 35 പേർക്ക് മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്‌നം നേരിട്ടത്.
50 വയസ്സിനു താഴെയുള്ള സ്ത്രീകൾ വാക്‌സിന്റെ ചില അപൂർവ വിപരീതഫലങ്ങളെ കുറിച്ച് കരുതിയിരിക്കണമെന്നും സിഡിസി നിർദ്ദേശിക്കുന്നു. വാക്‌സിൻ എടുത്തവരിൽ ഹൃദയപേശികൾ വികസിക്കുന്ന രോഗമായ മയോകാർഡൈറ്റിസും കടുത്ത അലർജി പ്രതികരണമായ അനാഫിലാക്‌സിസും അപൂർവമായി കണ്ടു വരുന്നതായും ഡിസിസി വ്യക്തമാക്കുന്നു. മയോകാർഡൈറ്റിസ് അസാധാരണ ഹൃദയമിടിപ്പിലേക്കും ഹൃദയസ്തംഭനത്തിലേക്കും വരെ നയിക്കാൻ സാധ്യതയുണ്ട്.
30 വയസ്സോ അതിനു താഴെ പ്രായമുള്ളവരോ ആയ 623 പേരിലാണ് കോവിഡ് വാക്‌സിനെ തുടർന്ന് മയോകാർഡൈറ്റിസ് ഉണ്ടായത്. അതേസമയം അനാഫിലാക്‌സിസ് ഏതൊരു വാക്‌സിനേഷന് ശേഷവും സംഭവിക്കാമെന്നും സിഡിസി വിശദീകരിക്കുന്നു. അവ ഉടനെ കണ്ടെത്താൻ സാധിച്ചാൽ വാക്‌സിനേഷൻ കേന്ദ്രത്തിൽ വച്ച് തന്നെ ഫലപ്രദമായ ചികിത്സ നൽകാൻ കഴിയും. ഡിസിസിയുടെ റിപ്പോർട്ട് അനുസരിച്ച് അമേരിക്കയിൽ 302 ദശലക്ഷം ഡോസ് വാക്‌സിൻ നൽകിയതിൽ 5000 പേരാണ് മരണപ്പെട്ടത്.

