ഓട്ടോറിക്ഷാ, ടാക്‌സി സർവ്വീസുകൾക്ക് നിയന്ത്രണങ്ങളോടെ ഇളവ്; സംസ്ഥാനത്തെ ലോക്ക് ഡൗൺ ഇളവുകളുടെ വിശദാംശങ്ങൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 17 മുതൽ മിതമായ രീതിയിൽ പൊതുഗതാഗതം ആരംഭിക്കും. ഓട്ടോറിക്ഷ, ടാക്‌സി സർവ്വീസുകൾ നിയന്ത്രണങ്ങളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്. ലോക്ക് ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണും ഉള്ള പ്രദേശങ്ങളിൽ ഇവയ്ക്ക് നിയന്ത്രണം ഉണ്ടാകും. അന്തർജില്ലാ പൊതുഗതാഗതവും ഉണ്ടാകില്ല.

ബിവറേജ് ഔട്ട് ലെറ്റുകൾ രാവിലെ 9 മുതൽ വൈകീട്ട് ഏഴ് വരെ പ്രവർത്തിക്കും. ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ ആഴ്ചയിൽ മൂന്ന് ദിവസമായി തുടരും. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക് ഡൗൺ ആയിരിക്കും. ആരധനാലയങ്ങൾ ഉടനെ തുറക്കില്ല. രോഗ വ്യാപനം കുറവായ സ്ഥലങ്ങളിൽ ബാർബർഷോപ്പുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എല്ലാ അഖിലേന്ത്യാ-സംസ്ഥാനതല പൊതുപരീക്ഷകളും നടത്താൻ അനുവദിക്കും.

കാർഷിക- വ്യവസായ മേഖലയിലെ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ഗതാഗതം അനുവദിക്കും. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കും. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ 25 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ട്. റൊട്ടേഷൻ അടിസ്ഥാനമാക്കിയാകും ഇത്.

ടിപിആർ നിരക്ക് എട്ട് ശതമാനത്തിൽ താഴെയുള്ള മേഖലകളിൽ എല്ലാ കടകൾക്കും 50 ശതമാനം ജീവനക്കാരുമായി തുറന്നു പ്രവർത്തിക്കാൻ അനുമതിയുണ്ട്. രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാകും പ്രവർത്തന സമയം. മറ്റ് വ്യാപാര സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം.

ടിപിആർ നിരക്ക് 20 ശതമാനത്തിന് മുകളിൽ ഉള്ള മേഖലകളിൽ അവശ്യസേവനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. മറ്റ് കടകൾ വെള്ളിയാഴ്ച മാത്രം പ്രവർത്തിക്കും.

അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ രാത്രി ഏഴുവരെ തുറക്കാൻ അനുവദിക്കും. അക്ഷയ കേന്ദ്രങ്ങൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ തുറക്കും. ജൂൺ 17 മുതൽ കേന്ദ്ര – സംസ്ഥാന സർക്കാർ ഓഫീസുകൾ പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റ് കമ്പനികൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവ റൊട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ടേക്ക് എവേ സംവിധാനവും ഹോം ഡെലിവറിയും നടത്താം.