ഐഷാ സുൽത്താനയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ച മന്ത്രി വി ശിവൻ കുട്ടിയുടെ നടപടി പ്രതിഷേധാർഹം; കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: രാജ്യവിരുദ്ധ പരാമർശത്തിന് രാജ്യദ്രോഹകേസിൽ പ്രതിയായ ഐഷാ സുൽത്താനയെ ഫോണിൽ വിളിച്ച് പിന്തുണയും ആശംസയുമറിച്ച മന്ത്രി വി ശിവൻകുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ. ലക്ഷദ്വീപിലെ ജനങ്ങൾക്കു മേൽ കേന്ദ്ര സർക്കാർ ബയോവെപ്പൺ പ്രയോഗിച്ചു എന്ന ഗുരുതരമായ പരാമർശമാണ് ഐഷ നടത്തിയത്. സാമുദായിക സൗഹാർദ്ദം തകർക്കാനും രാജ്യത്തിന്റെ ഐക്യം തകർക്കാനുമുള്ള പരാമർശത്തിനെതിരെ നിയമപരമായ നടപടികളാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ലക്ഷ ദ്വീപിൽ രജിസ്ട്രർ ചെയ്തിരിക്കുന്ന കേസിനെ നിയമപരമായി നേരിടുകയാണ് വേണ്ടത്. മുഖ്യമന്ത്രിയെയും തന്നെയും വന്ന് കണ്ടാൽ ലക്ഷദീപ് പോലീസിൽ നിന്ന് രക്ഷിക്കാമെന്നാണ് ഐഷാ സുൽത്താനയോട് ശിവൻകുട്ടി ഫോണിൽ പറഞ്ഞത്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന മന്ത്രി, മറ്റൊരു സംസ്ഥാനത്ത് രജിസ്ട്രർ ചെയ്തിരിക്കുന്ന കേസിൽ ഇടപെടുന്നത് ഭരണഘടനാ ലംഘനമാണെന്ന് അദ്ദേഹം ആരോപിച്ചു.

തന്റെ മണ്ഡലത്തിൽ നടക്കുന്ന അഴിമതി, അക്രമം എന്നിവയെക്കുറിച്ച് ഒന്നും മിണ്ടാത്ത ശിവൻകുട്ടി, തീവ്രവാദ ചിന്താഗതിക്കാരെ പരസ്യമായി പിന്തുണയക്കുന്നതിനു പിന്നിലെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കണം. ആറ്റുകാൽ പൊങ്കാലയുടെ പേരു പറഞ്ഞ് ലക്ഷങ്ങളുടെ കൊള്ളയാണ് നഗരസഭ നടത്തിയത്. കോവിഡ് കാലത്ത് ഭക്ഷണം നൽകിയതിന്റെ പേരിലും വെട്ടിപ്പ് നടന്നിരിക്കുന്നു. നേമം മണ്ഡലത്തിലാകെ അക്രമവും വ്യാപക ഗുണ്ടാ വിളയാട്ടവും നടക്കുന്നതിന്റെ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് ചികിത്സാ കേന്ദ്രത്തിനു നേരെ പോലും ആക്രമണം ഉണ്ടായി. ഇതിനോടൊന്നും പ്രതികരിക്കാൻ സ്ഥലം എംഎൽഎ ആയ മന്ത്രിക്ക് സമയം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.