ലക്ഷദ്വീപിൽ സ്വീകരിച്ചത് കരുതൽ നടപടികൾ മാത്രം; ഭരണകൂടത്തിനെതിരായ ക്യാമ്പയിൻ നടത്തുന്നത് കേരളമെന്ന് പ്രഫുൽ പട്ടേൽ

കൊച്ചി: ലക്ഷദ്വീപിൽ സ്വീകരിച്ചത് കരുതൽ നടപടികൾ മാത്രമാണെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ജനങ്ങൾക്കെതിരെ നിയമങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ നടത്തിയ പരിഷ്‌ക്കാരങ്ങളിൽ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ദ്വീപിലെ ഭരണകൂടത്തിനെതിരായ ക്യാമ്പയിൻ നടത്തുന്നത് കേരളമാണ്. സിനിമാ പ്രവർത്തക ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത് കേന്ദ്രസർക്കാരിനെതിരായ പരാമർശങ്ങളുടെ പേരിലാണ്. ലക്ഷദ്വീപിൽ കോവിഡ് വ്യാപനം ശക്തമാകാൻ കാരണം റംസാൻ ആഘോഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 73 വർഷമായി ലക്ഷദ്വീപിൽ വികസനമില്ല. വികസനത്തെ എതിർക്കുന്നവരാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് പിന്നിലുള്ളവർ. മദ്യം അനുവദിച്ചത് ടൂറിസം വികസത്തിന് വേണ്ടിയാണ്. ഇതിനെ വർഗീയമായി കാണേണ്ടതില്ലെന്നും പ്രഫുൽ ഖോഡ പട്ടേൽ കൂട്ടിച്ചേർത്തു.