കണ്ണൂർ: സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ. ഇത് സംബന്ധിച്ച കൂടിയാലോചനകൾ നടക്കുന്നതേയുള്ളെന്നും ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളും ലോക്ക് ഡൗണിന്റെ ഭാഗമായി അടഞ്ഞ് കിടക്കുകയാണ്. മദ്യശാലകൾ മാത്രമായി തുറക്കാനാൻ കഴിയില്ല. അതിനാൽ തന്നെ മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് സ്ഥാപനങ്ങളെല്ലാം തുറക്കുമ്പോൾ മദ്യവിൽപ്പന ശാലകളും തുറക്കാമെന്നാണ് സർക്കാരിന്റെ നിലപാട്. നിലവിൽ കള്ളുഷാപ്പുകളിൽ നിന്ന് കള്ള് പാർസലായി നൽകുന്നുണ്ട്. കള്ള് പെട്ടെന്ന് ചീത്തയായി പോകുമെന്ന കാരണത്താലാണ് പാർസൽ നൽകാൻ തീരുമാനിച്ചത്. മദ്യകടത്ത് തടയാൻ എക്‌സൈസ് കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കശുമാങ്ങയിൽ നിന്നും മദ്യം ഉത്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കാൻ പല പ്രശ്‌നങ്ങളുണ്ടെന്നും കൂടുതൽ പരിശോധന നടത്തിയേ ഇതെല്ലാം നടപ്പാക്കാനാവൂവെന്നും അദ്ദേഹം വിശദമാക്കി.

