വനംകൊള്ളയിൽ ഉന്നതർക്ക് പങ്കെന്ന് സർക്കാർ; അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം തള്ളി

കൊച്ചി: വയനാട് മുട്ടിൽ വനംകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം തള്ളി. ഹൈക്കോടതിയുടേതാണ് നടപടി. പ്രതികളായ റോജോ അഗസ്റ്റിൻ ആന്റോ അഗസ്റ്റിൻ എന്നിവരാണ് അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഉന്നത ബന്ധമുള്ള കേസാണിതെന്നും വനംകൊള്ളയുമായി ബന്ധപ്പെട്ട് പുറത്തു വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

വില്ലേജ് ഓഫീസർമാർ അടക്കമുള്ളവരാണ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നത്. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് വനം കൊള്ള നടത്തിയതെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളിയത്.

മുട്ടിൽ സൗത്ത് വില്ലേജിലെ 42 ഇടങ്ങളിലായി 505 ക്യൂബിക് മീറ്റർ ഈട്ടി മരങ്ങളാണ് അനധികൃതമായി മുറിച്ചുമാറ്റിയത്. റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ സംസ്ഥാനത്ത് നടന്നത് വൻ മരംകൊള്ളയാണ്. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റിസർവ് മരങ്ങളായ ഈട്ടി, തേക്ക് തുടങ്ങിയവയാണ് വിവിധ ഭാഗങ്ങളിൽ നിന്നും മുറിച്ച് മാറ്റിയിരിക്കുന്നത്. സംഭവത്തിൽ വനംവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവിന്റെ മറവിൽ ഏതൊക്കെ ജില്ലകളിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്ന വിവരം ശേഖരിക്കുകയാണ്. വനം വിജിലൻസ് സിസിഎഫാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.