തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ബൂത്ത് തലം മുതല്‍ പുനഃസംഘടനയുണ്ടാകുമെന്നും കോണ്‍ഗ്രസ് ഉണര്‍ന്നാല്‍ സിപിഎമ്മിന് സംസ്ഥാനത്ത് പിടിച്ച് നില്ക്കാന് കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്.
സുധാകരന്റ വാക്കുകള്‍-
കെപിസിസി പ്രസിഡന്റ് സ്ഥാനം വൈകിയെന്ന് തോന്നിയിട്ടില്ല. കോണ്‍ഗ്രസിനകത്ത് തനിക്ക് ഒരുപാട് സ്ഥാനമാനങ്ങള്‍ കിട്ടിയിട്ടുണ്ട്. കണ്ണൂരിലെ ഒരു കുഗ്രാമത്തില്‍ നിന്നുള്ളയാളാണ് താന്‍. എന്നാല്‍ നേരത്തെ ഈ സ്ഥാനം ആഗ്രഹിച്ചിരുന്നു. പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. അതൊക്കെ മനസിലാക്കുന്നു. ഈ നേതൃപദവി നല്‍കിയതിന് ഹൈക്കമാന്റിന് നന്ദി. വിജയിച്ച കെപിസിസി പ്രസിഡന്റാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്.എനിക്ക് ഗ്രൂപ്പില്ല, ചെന്നിത്തലയുമായി സഹകരിച്ചിരുന്നു. ഗ്രൂപ്പിന്റെ വക്താവായിരുന്നില്ല ഒരിക്കലും. ഗ്രൂപ്പിനതീതമായി പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോവുകയാണ് തന്റെ ലക്ഷ്യം. മറ്റെല്ലാ വികരങ്ങള്‍ക്കും അതീതമായി പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പണിയെടുക്കേണ്ട സമയമാണ് ഇതെന്ന് എല്ലാ നേതാക്കളും പ്രവര്‍ത്തകരും മനസിലാക്കണം. കഴിവില്ലാത്തവര്‍ നേതൃത്വത്തില്‍ വന്നതാണ് പാര്‍ട്ടി പരാജയപ്പെടാന്‍ കാരണം. സ്വന്തക്കാരെ കുത്തിത്തിരുകിയപ്പോള്‍ പാര്‍ട്ടിയില്‍ അപചയം സംഭവിച്ചു. കെപിസിസിക്ക് 51 അംഗ കമ്മിറ്റിയാണ് മനസിലുള്ളത്.
അടിത്തട്ടില്‍ നിന്ന് വന്നവനോ കെട്ടിയിറക്കിയവനോയല്ല താന്‍. താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് വന്നവനാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ പരുക്കന്‍ സ്വഭാവമുണ്ട്. അത് ആരെയും അലോസരപ്പെടുത്തുന്നതല്ല. താന്‍ കെപിസിസി പ്രസിഡന്റായപ്പോള്‍ സിപിഎമ്മിനും പൊളിറ്റ് ബ്യുറോ അംഗം എംഎ ബേബിക്കുമൊക്കെ ഭയമുണ്ട്. തന്നിലൂടെ കോണ്‍ഗ്രസ് കൈവരിക്കാനിരിക്കുന്ന നേട്ടങ്ങളെ കുറിച്ചുള്ള ആശങ്കയാണ് അവര്‍ക്ക്. കേരളത്തില്‍ ഒരിക്കലും ശക്തി നേടാന്‍ ബിജെപിക്ക് കഴിയില്ല. ഇവിടെ സിപിഎമ്മിന്റെ ഫാസിസവും ഏകാധിപത്യവുമാണ് നിലനില്‍ക്കുന്നത്. എതിര്‍ക്കപ്പെടേണ്ടത് സിപിഎമ്മാണ്. മുന്നണി വിട്ട് പോയ ഘടകകക്ഷികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

