മലയാളം സംസാരിക്കുന്നത് വിലക്കിയ സംഭവം : പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയില്‍ ജോലി സമയത്ത് നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ – നമ്മുടെ സംസ്‌കാരത്തിനും ജനാധിപത്യത്തിനും നിരക്കാത്ത ഇത്തരം ഒരുത്തരവ് പിന്‍വലിച്ചു എന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാന്‍ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ അതില്‍ നിന്ന് പിന്മാറണം. മലയാളം ഇന്ത്യയിലെ ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവിയുമുണ്ട്.

അത്തരത്തില്‍ ഉന്നതമായ സ്ഥാനത്തുള്ള മലയാള ഭാഷയെ മാത്രം തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണ് എന്ന തരത്തില്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് നമ്മുടെ വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണ്. ജി ബി പന്ത് ആശുപത്രിയില്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ നിരവധി ആശുപത്രികളില്‍ മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവരാണ് മലയാളി നേഴ്‌സുമാര്‍. അവര്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ അഭിവാദ്യങ്ങള്‍.