മലപ്പുറം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് മുസ്ലീം ലീഗ്. തുടര്‍ നടപടികള്‍ക്കായി വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്താനുള്ള സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം അപ്രായോഗികമാണെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും മുസ്ലീം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയും ഇ.ടി.മുഹമ്മദ് ബഷീറും മലപ്പുറത്ത് പറഞ്ഞു.
മറ്റ് വിഭാഗങ്ങളിലെ അര്‍ഹരായ പിന്നോക്കാകാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് മുസ്ലീം ലീഗ് എതിരല്ലെന്നും എന്നാല്‍ അതിനെ സച്ചാര്‍ കമ്മീഷനുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്നും ഇക്കാര്യം നീട്ടിക്കൊണ്ടു പോകുന്നതില്‍ വലിയ ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സാമുദായിക സംഘര്‍ഷം ഒഴിവാക്കി സമവായത്തിലൂടെ പ്രശ്നം തീര്ക്കണണെന്നാണ് സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലുണ്ടായ പൊതുധാരണ. വിധി ബാധിക്കുന്ന എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ചയും നടത്തിയാകും അന്തിമതീരുമാനമെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്.

