ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവർക്ക് വേണ്ടെന്നു വെക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: അനർഹമായി ബിപിഎൽ കാർഡ് കൈവശം വെച്ചിരിക്കുന്നവർ ഈ മാസം 30നകം തിരികെ ഏൽപ്പിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. സൗജന്യ കിറ്റ് ആവശ്യമാണെങ്കിൽ അത്‌ നൽകുന്നത് തുടരുമെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിനോട് ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വരുമാനമുള്ളവർക്ക് കിറ്റ് ആവശ്യമില്ലെങ്കിൽ അത് വേണ്ടെന്ന് വെക്കാനുള്ള സംവിധാനം ഒരുക്കം. ഇതിനായുള്ള പ്രത്യേക പദ്ധതി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ജി ആർ അനിൽ അറിയിച്ചു.

റേഷൻകടയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നാൽപ്പതോളം പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇവരുടെ കുടുംബാംഗങ്ങളെ സഹായിക്കാനുള്ള പദ്ധതിയെക്കുറിച്ച് സർക്കാർ ചിന്തിക്കുന്നുണ്ട്. കുട്ടികൾക്കായുള്ള ഭക്ഷ്യക്കിറ്റ് വീടുകളിൽ എത്തിച്ചു നൽകുന്നതിനെക്കുറിച്ചും സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്.

ജൂലൈ മാസം ആദ്യം വരെ സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നതിനാണ് ഇതുവരെ ക്രമീകരണം ഒരുക്കിയിരിക്കുന്നത്. സൗജന്യ ഭക്ഷ്യ കിറ്റ് നൽകുന്നത് തുടരേണ്ട സാഹചര്യമുണ്ടായാൽ ക്യാബിനറ്റ് കൂടി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.