കണ്ണൂർ: കാലം മാറുന്നതിനൊപ്പം മാറ്റങ്ങളുമായി കുടുംബശ്രീയും. മൊബൈൽ ഫോൺ റിപ്പയറിംഗ് മുതൽ ഓൺലൈൻ വിപണനം വരെയുള്ള ന്യൂജൻ സംരംഭങ്ങളുമായാണ് കുടുംബശ്രീയുടെ മുന്നേറ്റം. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ മാറ്റങ്ങളോടെ പുതിയ ഭാവത്തിലായിരിക്കും പ്രവർത്തനമെന്ന വ്യക്തമായ സൂചനകളാണ് സംസ്ഥാന കുടുംബശ്രീ മിഷന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ബൃഹത്തായ സ്റ്റാർട്ട് ആപ്പ് പദ്ധതികൾ മുതൽ ചെറുകിട സംരംഭങ്ങൾ വരെ കുടുംബശ്രീയിലൂടെ നടപ്പിലാക്കാനാണ് പദ്ധതി.
വൻകിട സംരംഭങ്ങൾ തുടങ്ങുക വഴി കൂടുതൽ തൊഴിൽ അവസരമുണ്ടാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. സംസ്ഥാന വ്യാപകമായി കുടുംബശ്രീ യൂണിറ്റുകളുടെ ഭാഗമായി തന്നെ ന്യൂജനറേഷൻ സംരംഭങ്ങൾ കൊണ്ടുവരാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയം ഭരണ മന്ത്രി എം.വി ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
18 വയസിനും 35 വയസിനും ഇടയിലുള്ള യുവതികൾക്കായിരിക്കും ന്യൂജെൻ സംരംഭങ്ങളിൽ അംഗത്വം. ഓരോ ഗ്രാമപഞ്ചായത്ത് വാർഡിലും ഓരോ പുതിയ യൂണിറ്റ് ഈ മാസം അവസാനത്തോടെ നിലവിൽ വരും. സംസ്ഥാനത്ത് ഇരുപതിനായിരത്തോളം വാർഡുകളാണുള്ളത്. കുടുംബശ്രീ ഏരിയാ ഡെവലപ്പ്മെന്റ് സൊസെറ്റിക്ക് കീഴിലായിരിക്കും ഇവയുടെ പ്രവർത്തനങ്ങൾ നടക്കുക. കേരളത്തിലെ രണ്ടേക്കാൽ ലക്ഷം കുടുംബശ്രീകളിലായി 45 ലക്ഷത്തോളം അംഗങ്ങളാണുള്ളത്. അഭ്യസ്ത വിദ്യരും സാങ്കേതിക വിദഗ്ദ്ധരുമായ യുവതലമുറ ഇതിലേക്ക് വന്നാൽ ആധുനിക കാർഷിക ഉപകരണങ്ങളും യന്ത്രങ്ങളും പ്രവർത്തിപ്പിച്ചു കൊണ്ടുള്ള സംരംഭങ്ങൾ തുടങ്ങാൻ കഴിയുമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രതീക്ഷ. ഓരോ ഗ്രാമപഞ്ചായത്ത് പരിധിയിലും ഓരോ പുതിയ ന്യൂജെൻ യൂണിറ്റുകൾ ജൂൺ മാസത്തിലായിരിക്കും നിലവിൽ വരുന്നത്. അടിമുടി മാറ്റങ്ങളോടെ മുഖം മിനുക്കി എത്തുന്ന കുടുംബശ്രീകൾ നാടിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

