ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ക്രിക്കറ്റ് ട്വന്റി20 ലോകകപ്പ് യുഎഇയിലും ഒമാനിലുമായി നടത്തുന്നതിന് ബിസിസിഐ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോട് (ഐസിസി) സമ്മതംമൂളിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നടത്താന്‍ ഐസിസിക്ക് താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് ലോകകപ്പ് ‘വിട്ടുകൊടുക്കാന്‍’ ബിസിസിഐ തീരുമാനിച്ചതെന്നാണ് സൂചന.
എന്നാല്‍, ലോകകപ്പ് ഇന്ത്യയ്ക്കു പുറത്തേക്കു മാറ്റിയാലും ആതിഥേയരുടെ അവകാശങ്ങളെല്ലാം ഇന്ത്യയ്ക്കു തന്നെയായിരിക്കും. ഐപിഎലിനു പിന്നാലെ ലോകകപ്പ് നടക്കുന്നതുകൊണ്ടാണ് ഗള്‍ഫ് മേഖലയിലെ തന്നെ മറ്റൊരു വേദി ഐസിസി ആലോചിക്കുന്നത്. അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലാണ് യുഎഇയിലെ മത്സരങ്ങള്‍.നിലവില്‍, ഇന്ത്യയിലെ സ്ഥിതിഗതികള്‍ കണക്കിലെടുക്കുമ്പോള്‍ ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ പ്രയാസമായിരിക്കുമെന്നാണ് ഐസിസി ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിഭാഗം പേരുടേയും അഭിപ്രായം.

