മലപ്പുറം: മലപ്പുറത്ത് വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ്. രണ്ടാഴ്ച്ചയ്ക്കിടെ 66,438 പേർ മാത്രമാണ് മലപ്പുറത്ത് വാക്സിൻ സ്വീകരിച്ചത്. മലപ്പുറത്ത് വാക്സിനേഷൻ ഇഴഞ്ഞാണ് നീങ്ങുന്നതെന്നാണ് ആക്ഷേപം. ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ പേർക്ക് വാക്സിൻ ലഭിച്ചപ്പോൾ മലപ്പുറത്ത് ദിവസം ശരാശരി 4,500 പേർക്ക് മാത്രമാണ് വാക്സിനേഷൻ നൽകാൻ കഴിഞ്ഞത്.
രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് 1,42,504 പേർക്കാണ് വാക്സിൻ കുത്തിവെയ്പ്പ് നൽകിയത്. മേയ് 24 വരെ എറണാകുളത്ത് 9,68,670 പേർ വാക്സിൻ കുത്തിവെയ്പ്പെടുത്തു. ജനസംഖ്യാനുപാതികമായി വാക്സിൻ വിതരണം പുനഃക്രമീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടും അധികൃതർ ഇക്കാര്യം ഗൗരവരത്തിലെടുക്കാത്തതാണ് മലപ്പുറം ജില്ല വാക്സിനേഷനിൽ പിന്നിലാവാൻ കാരണം. തൃശൂരിലും വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം കുറവാണ്. 33,654 പേർക്കാണ് തൃശൂരിൽ രണ്ടാഴ്ച്ചക്കിടെ വാക്സിൻ ലഭിച്ചത്.
കോവിഡ് ആപ്പ് വഴിയാണ് വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യുക. വെകിട്ട് 4.30 നാണ് വാക്സിൻ ബുക്കിംഗിനായി സമയം അനുവദിച്ചിരിക്കുന്നത്. കൊവിൻ പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ പലപ്പോഴും വാക്സിന് വേണ്ടി ബുക്ക് ചെയ്യുന്നതിന് തടസം സൃഷ്ടിക്കാറുണ്ട്.

