ഔദ്യോഗിക വസതി നവീകരിക്കാൻ 23 ലക്ഷം രൂപയുടെ പ്ലാനുമായി ടൂറിസം ഉദ്യോഗസ്ഥർ; ഇത്രയധികം തുക ചെലവഴിക്കേണ്ടെന്ന് റവന്യു മന്ത്രി; ആകെ ചെലവാക്കിയത് 15,000 രൂപ

തിരുവനന്തപുരം: ഔദ്യോഗിക വസതി പുതുക്കാൻ ടൂറിസം വകുപ്പ് തയ്യാറാക്കിയ 23 ലക്ഷത്തിന്റെ ടെണ്ടർ വേണ്ടെന്ന് പറഞ്ഞ് റവന്യു മന്ത്രി കെ രാജൻ. തന്റെ ഔദ്യോഗിക വസതി പുതുക്കി പണിയാൻ ഇത്രയധികം തുക ചെലവഴിക്കേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പറയുന്നത്. പൈപ്പുകളുടെയും ഇലക്ട്രിക്കൽ ലൈനുകളുടെയും അത്യാവശ്യ ജോലികൾ മാത്രം തീർത്താൽ മതിയെന്നാണ് മന്ത്രി ടൂറിസം വകുപ്പിനെ അറിയിച്ചത്. ഈ ജോലികൾക്കായി ആകെ ചെലവാകുന്നത് 15,000 രൂപയാണ്.

കന്റോൺമെന്റ് ഹൗസ് വളപ്പിലുള്ള ഗ്രേസ് കോട്ടേജാണ് റവന്യു മന്ത്രി കെ രാജന് അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് ബിൽഡിംഗ്‌സ് വിഭാഗമാണ് ഔദ്യോഗിക വസതി മോഡി പിടിപ്പിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കിയത്. വസതിയിലെ അറ്റകുറ്റപ്പണി തീരാത്തതിനാൽ കെ. രാജൻ നിലവിൽ എം.എൽ.എ ഹോസ്റ്റലിലെ മുറിയിലാണ് താമസിക്കുന്നത്. പ്രതിപക്ഷ നേതാവിന് നൽകാറുള്ള കന്റോൺമെന്റ് ഹൗസ് അടക്കം 21 ഔദ്യോഗിക വസതികളാണ് ആകെയുള്ളത്. പുതിയ സർക്കാരുകൾ അധികാരത്തിലേറുമ്പോൾ ഔദ്യോഗിക വസതികൾ നവീകരിക്കും. ലക്ഷക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.