ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി : ഘടകക്ഷികള്‍ രണ്ട് തട്ടില്‍, പ്രതികരിക്കാനാകാതെ കോണ്‍ഗ്രസ്

congress

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധിയില്‍ പ്രതികരിക്കാതെ കോണ്‍ഗ്രസ്. മുസ്ലിംലീഗും കേരളാകോണ്‍ഗ്രസും വിധി സംബന്ധിച്ച വ്യത്യസ്ത നിലപാട് സ്വീകരിച്ചതാണ് കോണ്‍ഗ്രസിനെ കുഴയ്ക്കുന്നത്. നാളെ നിയമസഭ പുനരാരംഭിക്കാനിരിക്കെ യുഡിഎഫില്‍ വിധി സംബന്ധിച്ച ഏകാഭിപ്രായമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കും. ന്യൂനപക്ഷങ്ങള്‍ അകന്നതാണ് നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നിരിക്കെ, സൂക്ഷ്മതയോടെയേ അഭിപ്രായം പറയാനാകൂ.സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടപ്പോള്‍ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫിന്റെ പ്രതികരണം. എന്തായാലും തത്കാലം വിഷയത്തില്‍ മൗനം പാലിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അതേസമയം, വിധി നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ ആവശ്യപ്പെട്ടു.