യു.ഡി.എഫ് നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: പി.സി വിഷ്ണുനാഥ് യു.ഡി.എഫ് നിയമസഭാ സ്പീക്കര്‍ സ്ഥാനാര്‍ഥി. എം.ബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ചൊവ്വാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് ഇന്ന് ഉച്ചവരെ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക നല്കാം. ആദ്യ ദിനത്തില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയാണ് ചടങ്ങാണ് നടക്കുന്നത്. പ്രോടേം സ്പീക്കര്‍ പിടിഎ റഹീമിനു മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഈ മാസം 28-ന് ഗവര്‍ണര്‍് ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തും. ജനുവരി 21-നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നയപ്രഖ്യാപനം. പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ജൂണ്‍് നാലിന് അവതരിപ്പിക്കും. ജൂണ്‍ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ട്.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരുന്നതും പ്രതിപക്ഷ നേതാവായി പുതിയ നായകന്‍ വിഡി സതീശന്‍ എത്തുന്നതും ബിജെപിക്ക് ഇക്കുറി പ്രാതിനിധ്യമില്ലാത്തതും ഈ സഭയുടെ സവിശേഷതയാണ്. പതിനാലാം നിയമസഭയില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ തന്നെയാണ് പതിനഞ്ചാം സഭയിലും മുഖ്യമന്ത്രിയെങ്കിലും ഭൂരിപക്ഷം മന്ത്രിമാരും പുതുമുഖങ്ങളാണ്. നിലവിലെ മന്ത്രിമാരില്‍ കെ കൃഷ്ണന്‍കുട്ടിയും, എ.കെ ശശീന്ദ്രനും മാത്രമാണ് മുന്‍ പിണറായി മന്ത്രിസഭയിലും അംഗങ്ങളായിരുന്നവര്‍. ജൂണ്‍ 14 വരെയാണ് നിയമസഭ സമ്മേളിക്കുന്നത്.ആദ്യമായി നിയമസഭയില്‍ എത്തിയ 53 അംഗങ്ങളാണ് പതിനഞ്ചാം നിയമസഭയിലുള്ളത്.