ലോകത്തിനു പ്രചോദനം പകരുന്ന നേതാവാണു മോദി എന്ന വിശേഷണത്തോടെ ആരംഭിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘എക്‌സാം വാരിയേഴ്‌സ്’ എന്ന പുസ്തകം പെൻഗ്വിൻ റാൻഡം ഹൗസ് വീണ്ടും പ്രസിദ്ധീകരിക്കുന്നു. ജീവിതത്തെയും പരീക്ഷകളെയും നേരിടാൻ വിദ്യാർത്ഥികൾക്ക് ഏറ്റവും ഉത്തമ സഹായിയെന്ന് പുസ്തകത്തെവിശേഷിപ്പിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കുള്ള വിലപ്പെട്ട ഉപദേശങ്ങളാണു പുസ്തകത്തിന്റെ ഉള്ളടക്കം.എന്നാൽ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിനെതിരെ ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരായ പങ്കജ് മിശ്രയും അരുന്ധതി റോയിയും വിമർശനവുമായി രംഗത്തെത്തി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ലോകത്തിനു മുന്നിൽ പരാജയപ്പെട്ട സന്ദർഭത്തിൽ പ്രധാനമന്ത്രിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ പ്രസക്തിയെന്താണെന്ന് ഇവർ ചോദിക്കുന്നു.മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വെൻഡി ഡോണിയറുടെ ഹിന്ദുസ് ഇൻ 2014 എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പിൻവാങ്ങിയവർ ഇപ്പോൾ ക്‌സാം വാരിയേഴ്‌സ് പ്രസിദ്ധീകരിക്കുന്നത് തെറ്റായ നടപടിയാണെന്ന് അരുന്ധതി റോയി പറയുന്നു.
വ്യത്യസ്തവും വിവിധവുമായ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയാണു തങ്ങളുടെ കടമയെന്ന് പെൻഗ്വിൻ ചീഫ് എക്‌സിക്യുട്ടീവ് ശ്രീനാഗേഷ് പറയുന്നു. വ്യത്യസ്ത എഴുത്തുകാർക്ക് അവരുടെ ശബ്ദം കേൾപ്പിക്കാനുള്ള അവസരമാണു തങ്ങൾഒരുക്കുന്നതെന്നും ഈ ദുരിത കാലഘട്ടത്തിലും പുസ്തക പ്രസിദ്ധീകരണം തങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിനെത്തുടർന്നു പരീക്ഷകൾ നടക്കാതിരിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്ത പശ്ചാത്തലത്തിൽ വിദ്യാർഥികളും അദ്ധ്യാപകരും നിരാശരാണെന്ന് പങ്കജ് മിശ്ര പറയുന്നു. തിരഞ്ഞെടുപ്പ് റാലികളിൽ ഉൾപ്പെടെ പ്രധാനമന്ത്രി പങ്കെടുത്തത് ലോകം മുഴുവൻ കണ്ടതാണ്. എതിർക്കുന്ന പത്രപ്രവർത്തകരെയും എഴുത്തുകാരെയും പീഡിപ്പിക്കുന്നതിന് ഒട്ടേറെ ഉദാഹരണങ്ങളുമുണ്ടെന്നും പ്രസാധകർക്ക് അയച്ച കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു..