തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്നറിയിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ. അന്നത്തെ ദിവസം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പം പങ്കിടുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സംസ്ഥാനത്ത് അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് അഭികാമ്യമല്ലെന്ന നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു….’ക്രഷ് ദ കര്‍വ് ‘(crush the curve) എന്നതാണ് ലക്ഷ്യമെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ ‘സ്‌കെയില്‍ ദ കര്‍വ്’ (scale the curve )എന്നതിലേക്ക് കാര്യങ്ങളെത്തിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.
മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളോട് സഹകരിക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളവർ. ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണുമെല്ലാമുണ്ടാക്കുന്ന പ്രയാസങ്ങളെ പൊതുനന്മയെക്കരുതി സഹിക്കുന്ന ജനങ്ങളുടെ പൊതുബോധത്തെ ദുർബലപ്പെടുന്ന സമീപനം തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്നുണ്ടാവുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു വി മുരളീധരന്റെ പ്രതികരണം. ഉടുതുണിക്ക് മറുതുണിയില്ലാത്ത ഈ പാവങ്ങളുടെ കൂടി പണമെടുത്താണ് സത്യപ്രതിജ്ഞക്കുള്ള പന്തലിടുന്നതെന്ന് മറക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.