പുതിയ മന്ത്രിസഭാ രൂപീകരണം : മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ മന്ത്രിസഭാ രൂപീകരണത്തിനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച് കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. ഈ മാസം 20 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകുന്നേരം മൂന്നരയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്ന 21 പേരില്‍ 17 പേര്‍ പുതുമുഖങ്ങളാണ്. ആദ്യമായി എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ട് മന്ത്രിസഭയിലേക്ക് വരുന്ന എട്ടുപേരും ഇത്തവണ പിണറായിയുടെ ടീമില്‍ ഉണ്ട്. സിപിഐ എമ്മിലെ പി രാജീവ്, കെ എന്‍ ബാലഗോപാല്‍, ജെ ചിഞ്ചു റാണി, മുഹമ്മദ് റിയാസ്, ആര്‍ ബിന്ദു, ജി ആര്‍ അനില്‍്, പി പ്രസാദ്, അഹമ്മദ് ദേവര്‍്‌കോവില്‍ എന്നിവരാണ് ആദ്യമായി എംഎല്‍എയായി മന്ത്രിപദവിയിലേക്ക് കടന്നു വരുന്നത്. ഇതില്‍ പി രാജിവ്, കെ എന്‍ ബാലഗോപാല്‍ എന്നിവര്‍ രാജ്യസഭയിലെ മുന്‍ അംഗങ്ങള്‍ കൂടിയായി പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.