ചെറുതോണി: ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കീരിത്തോട് സ്വദേശി സൗമ്യയുടെ കുടുംബത്തിന് ഇസ്രയേല്‍ സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം വാഗ്‌ദാനം ചെയ്‌ത് പ്രസിഡന്റ് റൂവിന്‍ റിവലിന്‍. സൗമ്യ മരിച്ച സ്‌ഥലം കാണണമെന്ന ആഗ്രഹം സന്തോഷ് പ്രകടിപ്പിച്ചപ്പോള്‍, അതിനാവശ്യമായ എല്ലാ സഹായങ്ങളും ഇസ്രയേല്‍ സര്‍ക്കാര്‍ ചെയ്യുമെന്നു പ്രസിഡന്റ് ഉറപ്പുനല്‍കിയതായി സൗമ്യയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇസ്രയേലില്‍ സൗമ്യ കൊല്ലപ്പെട്ടതു മുതല്‍ സംസ്‌കാര ശുശ്രൂഷ വരെയുള്ള എല്ലാ കാര്യങ്ങളും ഇസ്രയേല്‍ സര്‍ക്കാര്‍ നേരിട്ട് ഒരു കുറവും കൂടാതെ നടത്തിയിരുന്നു.
പറഞ്ഞതിലും മൂന്നു ദിവസം മുമ്പു ചാര്‍ട്ടേഡ് വിമാനത്തില്‍ ഇസ്രയേല്‍ സര്‍ക്കാരിന്റെ ചെലവിലാണ് സൗമ്യയുടെ മൃതദേഹം സ്വദേശത്തെത്തിച്ചത്. ജോനാഥന്‍ സട്‌ക സംസ്‌കാരദിവസം സൗമ്യയുടെ വസതിയിലെത്തിയിരുന്നു. സന്തോഷിനെയും മകന്‍ അഡോണിനെയും മറ്റ് കുടുംബാംഗങ്ങളെയും പ്രസിഡന്റ് അനുശോചനം അറിയിച്ചു. സൗമ്യയെ ഇസ്രയേലിന്റെ മാലാഖയെന്നു വിശേഷിപ്പിച്ചായിരുന്നു അദ്ദേഹം സര്‍ക്കാരിന്റെ ആദരവു പ്രകടമാക്കിയത്.
സൗമ്യയുടെ ഒറ്റമുറി വീടില്‍ കടന്നുചെന്നു സന്തോഷിന്റെയും അഡോണിന്റെയും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന കോണ്‍സല്‍ ജനറല്‍, ഇന്ത്യയുടെയും ഇസ്രയേലിന്റെയും പതാകയടങ്ങിയ ബാഡ്‌ജ് അഡോണിനെ അണിയിച്ച് കുടുംബത്തെ ചേര്‍ത്തുപിടിക്കുമെന്ന സന്ദേശം നല്‍കിയായിരുന്നു മടങ്ങിയത്.
സൗമ്യയുടെ ഭര്‍ത്താവ് സന്തോഷിനെ വീഡിയോ കോള്‍ വഴിയാണ് അദ്ദേഹം അനുശോചനവും ഇസ്രയേല്‍ സര്‍ക്കാരിന്റെ പിന്തുണയും അറിയിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെയാണ് ഇസ്രയേലിന്റെ ഇന്ത്യന്‍ സതേണ്‍ കോണ്‍സുലേറ്റ് ജനറല്‍ ജോനാഥന്‍ സട്‌ക വഴി സന്തോഷുമായി പ്രസിഡന്റ് സംസാരിച്ചത്. കോണ്‍സുലേറ്റ് ഓഫീസിലെ മലയാളി ഉദ്യോഗസ്‌ഥര്‍ ഇരുവരുടെയും സംഭാഷണം തര്‍ജമ ചെയ്‌തു.

