കോഴിക്കോട്: എല്ലാ രീതിയിലുമുള്ള വ്യക്തിഹത്യകള്‍ കുറേക്കാലമായി നേരിടുകയാണെന്നും ഇതിലൊന്നും വല്ലാതെ പ്രയാസപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും നിയുക്തമന്ത്രിയും ബേപ്പൂര്‍ എംഎല്‍എയുമായ മുഹമ്മദ് റിയാസ്.
റിയാസിന്റെ വാക്കുകള്‍ –
2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 13 കൊല്ലമായി സംഘടനാ രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ്. ഇപ്പോള്‍ വീണ്ടും പാര്‍ട്ടി പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരം തന്നിരിക്കുന്നു. ഈ സര്‍ക്കാരിന്റെ അധികാര തുടര്‍ച്ചയ്ക്കായി കഠിനമായി പ്രവര്‍ത്തിച്ച ലക്ഷക്കണക്കിന് സഖാക്കളുണ്ട്. അവര്‍ ആഗ്രഹിക്കാത്ത ഒന്നും എന്നില്‍ നിന്നും ഉണ്ടാവാതിരിക്കാനുള്ള ഇടപെടലാവും നടത്തുക. ജനങ്ങളെയാണ് എപ്പോഴും ഓര്‍ക്കേണ്ടത് അവര്‍ക്ക് ഇഷ്ടമില്ലാത്ത ഒന്നും ഉണ്ടാവരുതെന്നാണ്. ഈ പദവികളൊന്നും ശ്വാശതമല്ല. അധികാരം ഉള്ളപ്പോള്‍ നന്നായി പ്രവര്‍ത്തിച്ചു കാണിക്കണം എന്നു മാത്രമേ ചിന്തിക്കുന്നുള്ളൂ.
താഴത്തട്ടില്‍ എത്രത്തോളം ഇടപെടാന്‍ പറ്റുമോ അത്രത്തോളം നല്ലതാണ്. ഏത് പദവിയില്‍ വന്നാലും ജനങ്ങള്‍ക്ക് നമ്മളെ ബന്ധപ്പെടാന്‍ സാധിക്കണം. നാടിന്റെ വികസനത്തിന് എന്ത് ചെയ്യാന്‍ പറ്റുമെന്നതില്‍ എല്ലാവരോടും അഭിപ്രായം ചോദിക്കണം. പ്രൊഫഷണലുകള്‍ക്ക് മാത്രമല്ല സാധാരണക്കാരായ മനുഷ്യര്‍ക്കും വികസനത്തെക്കുറിച്ച് കാഴ്ച്ചപ്പാടുണ്ട്. അധികാരങ്ങളിലേക്ക് കയറിപോകുമ്പോള്‍ ആളുകളില്‍ പൊതുവേ അഹങ്കാരം ഉണ്ടാവാറുണ്ട്. അതില്ലാതിരിക്കാന്‍ സ്വന്തം മനസിനകത്ത് ഒരോദിവസവും പോരാട്ടം നടത്തുക. ഇന്നേ വരെയുള്ള ജീവിതത്തില്‍ ഞാന്‍ അങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നാണ് വിശ്വാസം. എനിക്ക് കാര്യമായ ഭരണപരിചയമില്ല. പക്ഷേ ഈ ഒരു കാര്യം എന്റെ മനസിലുണ്ട്.
കുറേക്കാലമായി പലരീതിയില്‍ പലവിമര്‍ശനങ്ങള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. അതിലേറേയും അസംബന്ധങ്ങളും അസത്യങ്ങളുമാണ്. എല്ലാ രീതിയിലുമുള്ള വ്യക്തിഹത്യകള്‍ കുറേക്കാലമായി നേരിടുകയാണ്. ഇതിലൊന്നും വല്ലാതെ പ്രയാസപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇതൊക്കെ കേള്‍ക്കുമ്പോള്‍ മനസിന് വേദനയുണ്ടെങ്കിലും ഇതിനോടൊക്കെ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. എന്ത് അംസബന്ധം പറയാനും ജനാധിപത്യത്തില്‍ ഇടമുണ്ട്. അതൊക്കെ വിശ്വാസിക്കാതിരിക്കാന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ എന്തൊക്കെ പ്രചരണങ്ങള്‍ എനിക്ക് നേരെയുണ്ടായി. പറഞ്ഞു പറഞ്ഞു പോയാല്‍ എന്തെല്ലാം കാര്യങ്ങള്‍. ജീവനുള്ള മനുഷ്യന്റെ പച്ചമാംസം കടിച്ചു പറിക്കുമ്പോള്‍ വേദനിക്കുന്ന തരത്തിലാണ് എനിക്ക് നേരെ പ്രചാരണമുണ്ടായത്. പക്ഷേ ജനങ്ങള്‍ക്ക് എല്ലാമറിയാം. നമ്മളൊക്കെ എന്ന് പൊതുപ്രവര്‍ത്തന രംഗത്ത് വന്നതാണ് എങ്ങനെ പ്രവര്‍ത്തിച്ചതാണ് എന്താണ് രാഷ്ട്രീയ ചരിത്രംഎന്നെല്ലാം ജനങ്ങള്‍ക്കറിയാം. എല്ലാ ആരോപണങ്ങള്‍ക്കും ജനം മെയ് രണ്ടിന് മറുപടി പറയട്ടെ എന്നാണ് ഞാന്‍ കരുതിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോള്‍ 14000 ഉണ്ടായിരുന്ന ഭൂരിപക്ഷമാണ് 28000 ആയത്. 2011-ഓടെ ഒളവണ പഞ്ചായത്ത് ബേപ്പൂരില്‍ നിന്നും പോയിരുന്നു. എല്‍ഡിഎഫിന് ആറായിരം വോട്ടുകളുടെ ലീഡുള്ള മണ്ഡലമായിരുന്നു അത്. മണ്ഡലത്തിലെ രണ്ട് മുന്‍സിപ്പാലിറ്റികള്‍ യുഡിഎഫ് ഭരിക്കുകയാണ്. ലോക്സഭയില്‍ 10,000 വോട്ടിന്റെ ലീഡാണ് ഇവിടെ യുഡിഎഫിന് കിട്ടിയത്. എല്ലാവരും പറയും പോലെ ഇടതുകോട്ടയായിരുന്നില്ല ബേപ്പൂര്‍, അങ്ങനെയൊരു മണ്ഡലമാണ് ഭൂരിപക്ഷം ഇരട്ടിയാക്കി എന്നെ ജയിപ്പിച്ചു വിട്ടത്. കടിച്ചാല്‍ പൊട്ടാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാലമൊക്കെ കഴിഞ്ഞു. നമ്മുടെ നിലപാടിനും പ്രവര്‍ത്തനത്തിനും നാടിനായി നടത്തിയ പ്രവര്‍ത്തനത്തിനും കൂടിയാണ് ജനം വോട്ടു ചെയ്യുന്നത്.
വിവാഹത്തിന് ശേഷവും ഞാന്‍ രാഷ്ട്രീയ രംഗത്തുണ്ടായിരുന്നു. എന്നാല്‍ വ്യക്തിപരമായി ഭരണതലത്തില്‍ ഞാന്‍ ഇടപെട്ടിരുന്നുവെങ്കില്‍ എന്തൊക്കെ വിവാദമുണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാം. എന്റെ പിതാവ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍ തന്നെ കുട്ടിക്കാലം തൊട്ടെ ഉത്തരവാദിത്തമുള്ള ഒരു ജീവിതമാണ് ഞാന്‍ നയിച്ചു വന്നത്.
വ്യക്തിപരമായി എനിക്ക് നേരെയുണ്ടാവുന്ന ആരോപണങ്ങള്‍ കുടുംബത്തെ വേദനിപ്പിച്ചിട്ടുണ്ട്. ഒരു സ്ത്രീയെ എങ്ങനെയൊക്കെ അക്രമിക്കാമോ അങ്ങനെയൊക്കെ എന്റെ ഭാര്യ വീണയെ അക്രമിച്ചു. അവര്‍ക്കെതിരെ അസംബന്ധങ്ങള്‍ പ്രചരിപ്പിച്ചു. വീണ പക്ഷേ മാതൃകപരമായിട്ടാണ് എല്ലാ കാര്യങ്ങളേയും സമീപിക്കുന്നത്. വളരെ പക്വതയോടെയാണ് വീണയുടെ സമീപനം. എല്ലാ ആരോപണങ്ങളേയും പൊട്ടിത്തെറിക്കാതേയും പൊട്ടിക്കരയാതേയുംനേരിടാന്‍ വീണയ്ക്ക് അറിയാം. എല്ലാ കാലം തെളിയിക്കും എന്ന് വീണയ്ക്ക് വിശ്വാസമുണ്ട്. അതു ശരിയാവുന്നുമുണ്ട്. എന്റെ രണ്ട് മക്കളും കൂട്ടുകാരെ പോലെ എനിക്കൊപ്പമുണ്ട്. അവരെന്റെ കൂടെയുണ്ടാവും. അല്ലെങ്കില്‍ എല്ലാ ദിവസവും അവരെ വിളിക്കും. അങ്ങനെയുള്ള മക്കളുമായി എനിക്ക് യാതൊരു ബന്ധവുമില്ലെന്ന തരത്തില്‍ ആരോപണങ്ങള്‍ വന്നു.

