ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ ഏഷ്യാനെറ്റിനെ വിലക്കിയ നടപടിക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നടപടിയില്‍ പ്രതിഷേധവുമായി കേരള ടെലിവിഷന്‍ ഫെഡറേഷന്‍. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്നായിരുന്നു വിലക്ക്. മലയാളമാധ്യമങ്ങളുടെ പ്രതിനിധികളെ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ അറിയിക്കുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പോലും എഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളെ പുറത്താക്കി.
ബി.ജെ.പി കേരളഘടകത്തിന്റെ നിസ്സഹകരണത്തിന്റെ ഭാഗമായാണ് നടപടി. കേന്ദ്രമന്ത്രിപദത്തിന് യോജിച്ചതാണോ ഈ സമീപനം എന്ന മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിനുത്തരമായി താന്‍ ബി.ജെ.പി നേതാവ് കൂടിയാണ്, കേരള ബി.ജെ.പി ഘടകം നിസ്സഹകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള ഒരു മാധ്യമത്തെ താന്‍ വിളിച്ചിട്ടില്ല എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.അതേസമയം, മാധ്യമങ്ങള്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ബോധ്യപ്പെടാത്ത കേന്ദ്രമന്ത്രിയുടെ ഈ ഏകപക്ഷീയമായ നിലപാട് തിരുത്തണമെന്നും ഏഷ്യാനെറ്റ് ന്യൂസിനുള്ള വിലക്ക് അവസാനിപ്പിക്കണമെന്നും കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് എം.വി.ശ്രേയാംസ്‌കുമാര്‍ എം.പിയും സെക്രട്ടറി ബേബി മാത്യു സോമതീരവും ആവശ്യപ്പെട്ടു.