ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി, ഡിസിസി തുടങ്ങിയ സംവിധാനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും വ്യാപിക്കാനും ശ്രമിക്കണമെന്ന് കാട്ടി ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. നഴ്‌സ്, ഡോക്ടര്‍ തുടങ്ങിയവരാണ് സാധാരണ നിലയില്‍ ഇത് കൈകാര്യം ചെയ്യാറുള്ളതെന്നും എന്നാല്‍, ഇങ്ങനെ ഓക്‌സിജന്‍ സംഭരിച്ച സജ്ജീകരിച്ചാലും അത് ഉപയോഗിക്കാന്‍ സാങ്കേതിക വൈദഗ്ധ്യമുള്ളവരെ എല്ലായിടത്തും ഇപ്പോഴും ലഭ്യമാക്കുക ബുദ്ധിമുട്ടായേക്കാമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ട് ഇത്തരം ജോലികളില്‍ നിന്ന് വിരമിച്ചവരെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്ടര്‍ ചെയ്തവരെയും ഇതിനായി പരിഗണിക്കാവുന്നതാണ്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ആവശ്യത്തിനു പ്രവര്‍ത്തകര്‍ ഉണ്ടെന്നു കോര്‍ ടീം ഉറപ്പു വരുത്തണം. ആര്‍ക്ക് എപ്പോഴാണ് ഓക്‌സിജന്‍ നല്‍കേണ്ടത്. എത്ര അളവില്‍, ഫ്‌ലോ റേറ്റ്, എത്ര നേരം, എങ്ങനെ മോണിറ്റര്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഡോക്ടര്‍ തന്നെ ആയിരിക്കും. ഡോക്ടറുടെ നിര്‌ദേശ പ്രകാരമല്ലാതെ ഓക്‌സിജന്‍ നല്കാന്‍ പാടുള്ളതല്ല. രോഗിയുടെ സ്ഥിതി മനസ്സിലാക്കാന്‍ പള്‍സ് ഓക്‌സിമീറ്റര്‍ തുടങ്ങിയ ആരോഗ്യ വിഭാഗം നിര്‍ദേശിക്കുന്ന ഉപകരണങ്ങള്‍ ഓരോ കേന്ദ്രത്തിലും ഉണ്ട് എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനം ഉറപ്പു വരുത്തണം.മാക്‌സിജന്‍ സിലിണ്ടറുകളും മറ്റും ഇത്തരം സ്ഥാപനങ്ങളില്‍ സൂക്ഷിക്കുന്നതിനു പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നതാണ്.