തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്‍പോട്ട് പോകാന്‍ തീരുമാനം. വിഷയത്തില്‍ ഗൂഢാലോചന നടന്നോ, പിന്നില്‍ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനാ വിഷയമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ അസാധാരണ നടപടി വലിയ ചര്‍ച്ചയായിരുന്നു.
മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കാന്‍ ഗൂഡാലോചന നടന്നുവെന്ന സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാന്‍ ശ്രമം ഉണ്ടായെന്ന് കാണിച്ച് സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്ത് നല്‍കിയത് എന്നിവയാണ് ജസ്റ്റിസ് വി കെ മോഹന്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍. ആറു മാസമാണ് കമ്മീഷന്റെ കാലാവധി.
തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച ആ നിലപാട് ജനങ്ങള്‍ക്കിടയില്‍ കേന്ദ്ര ഏജന്‍സികളുടെ നടപടിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ ഇത് സഹായിച്ചെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.