ഐ.പി.എല്ലില്‍ നിന്നു വിദേശ താരങ്ങള്‍ പിന്മാറുമ്പോള് എല്ലാ സംവിധാനങ്ങളും സുരക്ഷയും ഒരുക്കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ഉറപ്പു നല്‍കുകയാണ് ബി.സി.സി.ഐ.എന്നാല്‍ ബി.സി.സി.ഐയുടെ ഉറപ്പുകള്‍ വെറും പാഴ്വാക്കാണെന്നും ഐ.പി.എല്ലിനായി ഒരുക്കിയ ബയോ സെക്യുവര്‍ ബബിള്‍ ഏറ്റവും മോശമാണെന്നും തുറന്നടിച്ചു രംഗത്ത് വന്നിരിക്കുകയാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സില്‍ നിന്ന് പിന്മാറിയ ഓസീസ് താരം ആദം സാംപ. താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മോശം ബയോ സെക്യുവര്‍ ബബിള്‍ സംവിധാനമാണ് ഐ.പി.എല്ലിന് ഒരുക്കിയതെന്നും ശുചിത്വം തീരെയില്ലെന്നും സാംപ വ്യക്തമാക്കി.
ഇന്നലെയാണ് സാംപയും സഹതാരം കെയ്ന്‍ റിച്ചാര്‍ഡ്സണും ഇന്ത്യയില്‍ നിന്നു നാട്ടിലേക്കു മടങ്ങിയത്. ഇതിനിടെ ഓസ്ട്രേലിയന്‍ മാധ്യമമായ സിഡ്നി മോര്‍ണിങ് ഹെറാള്‍ഡിന് നല്കിയ അഭിമുഖത്തിലാണ് സാംപ ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.”വളരെ കുറച്ച് ബബിളുകളാണുള്ളത്. അതുതന്നെ ഞാന്‍ കണ്ടതില്‍ വച്ചേറ്റവും മോശം. ഇന്ത്യയാണെന്ന് അറിയാം. അതിനാല്‍ത്തന്നെ കൂടെക്കൂടെ ശുചിത്വം ശ്രദ്ധിക്കണമെന്നു ഞങ്ങള്‍ പറയാറുണ്ട്. എന്നാല്‍ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു കാര്യങ്ങള്‍.
ആറുമാസം മുമ്പ് ദുബായിയില്‍ നടന്ന ഐ.പി.എല്ലില്‍ മുഴുവന്‍ മത്സരങ്ങളിലും ഞങ്ങള്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. അത്ര സുരക്ഷിതത്വവും ശുചിത്വവും അനുഭവപ്പെട്ടിരുന്നു. ഈ ഐ.പി.എല്ലും അവിടെയായിരുന്നു നടത്തിയിരുന്നതെങ്കില്‍ ഞങ്ങള്‍ ടീമിനൊപ്പം തുടര്‍ന്നേനെ. പക്ഷേ എല്ലാത്തിലും രാഷ്ട്രീയമുണ്ടല്ലോ”- സാംപ പറഞ്ഞു.ഇനി ട്വന്റി 20 ലോകകപ്പും ഇന്ത്യയില്‍ നടക്കാന്‍ പോകുകയാണെന്നും അതിന്റെ ആശങ്ക ഇപ്പോഴേ തുടങ്ങിയെന്നും അത് ക്രിക്കറ്റ് ലോകത്ത് മുഴുവന്‍ ചര്‍ച്ചയാകുമെന്നും സാംപ കൂട്ടിച്ചേര്‍ത്തു.