ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വകക്ഷിയോഗത്തിന്റെ പൊതു അഭ്യര്‍ഥനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകക്ഷിയോഗത്തില്‍ എടുത്ത തീരുമാനങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനും അടുത്തദിവസങ്ങളിലും ആഹ്ലാദപ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം എന്ന നിലപാടാണ് യോഗം ഏകകണ്ഠമായി സ്വീകരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലയുളളവര്‍ മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനം.

ഉദ്യോഗസ്ഥർ, കൗണ്ടിങ് ഏജൻറുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്കും മാത്രമേ അവിടെ പ്രവേശനം ഉണ്ടാകൂ. രണ്ടുതവണ കോവിഡ് വാക്സിൻ എടുത്തവർക്കും ആർടിപിസിആർ എടുത്തവർക്കും മാത്രമേ പ്രവേശനമുള്ളൂ. ഉദ്യോഗസ്ഥർക്കും ഇത് ബാധകം.

സിനിമാതിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ,നീന്തല്‍ക്കുളം, വിനോദപാര്‍ക്ക്, വിദേശ മദ്യശാലകൾ, ബാറുകൾ എന്നിവയുടെ പ്രവര്‍ത്തനം തല്ക്കാലം വേണ്ടെന്ന് വെക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി.

വിവാഹചടങ്ങുകള്‍ക്ക് 75 പേരെയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് അമ്പതിലേക്ക് ചുരുക്കാനാണ് ധാരണ. വിവാഹം, ഗൃഹപ്രവേശം, തുടങ്ങിയ പരിപാടികള്‍ നടത്തുന്നതിന് മുന്‍കൂറായി കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ എന്ന് നിജപ്പെടുത്തി. ഒരുകാരണവാശാലും പരാമവധിയില്‍ അപ്പുറം പോകാന്‍ പാടില്ല.

നമസ്കരിക്കാൻ പോകുന്നവർ പായ സ്വന്തമായി കൊണ്ടുപോകണം. ദേഹശുദ്ധിവരുത്തുന്നതിനു പൈപ്പ് വെള്ളം ഉപയോഗിക്കണം. ആരാധനാലയത്തിൽ ഭക്ഷണവും തീർഥവും നൽകുന്നത് തൽക്കാലം ഒഴിവാക്കണം.