സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ വാഹനങ്ങള്‍ കത്തിയ കേസ് : തെളിവുകളില്ലാതെ ഫയല്‍ ക്ലോസ് ചെയ്യുന്നു

തിരുവനന്തപുരം: സാളഗ്രാമം റസ്റ്റ്ഹൗസിലെ വാഹനങ്ങള്‍ കത്തിയ കേസിലെ അന്വേഷണം പാതിവഴിയില്‍. രണ്ടരവര്‍ഷം കഴിഞ്ഞിട്ടും കേസിന് തുമ്പൊന്നുമില്ലെന്ന് പൊലീസ് സംഘം പറയുമ്പോള്‍ കേസ് ഇനി അന്വേഷിക്കേണ്ടെന്ന് സന്ദീപാനന്ദഗിരിയും പറഞ്ഞു.
2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് ആശ്രമത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചത്. സംഭവം നടന്ന് ഫയര്‍ഫോഴ്‌സ് തീ അണച്ച് തീരുംമുമ്പ് മുഖ്യമന്ത്രി സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് സന്ദീപാനനന്ദഗിരിയെ കണ്ടതിന് ശേഷം സംഘപരിവാര്‍ ശക്തികളാണ് സംഭവത്തിന് പിന്നിലെന്ന് പ്രസ്താവിച്ചു. പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക ഉന്നതതല സംഘം അന്വേഷണത്തിന് രംഗത്തിറങ്ങി.അന്വേഷണത്തിന്റെ ഭാഗമായി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ട സെക്യൂരിറ്റി ജീവനക്കാരനേയും ചോദ്യം ചെയ്തു. പക്ഷെ, കത്തിച്ചവനെ മാത്രം കിട്ടിയില്ല. മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഫയല്‍ ക്ലോസ് ചെയ്യുന്നു എന്നായിരുന്നു അന്വേഷണവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.