കോട്ടയം: കോട്ടയം ജില്ലയിലടക്കം പാര്‍ട്ടി മത്സരിച്ച ചില മണ്ഡലങ്ങളില്‍ സിപിഐ നിസഹകരിച്ചെന്ന ആരോപണവുമായി ജോസ് വിഭാഗം. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സി.പി.ഐയോടുള്ള എതിര്‍പ്പ് പരസ്യമാക്കി കേരള കോണ്‍ഗ്രസ് എം രംഗത്തെത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല. റാന്നിയിലും സമാന സാഹചര്യമായിരുന്നെന്ന് സ്ഥാനാര്‍ഥി കുറ്റപ്പെടുത്തി. സീറ്റ് വിഭജനം മുതല്‍ ഉടലെടുത്ത കേരള കോണ്‍ഗ്രസ് എം – സിപിഐ ഭിന്നതയാണ് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ സിപിഐ നേതാക്കള്‍ തള്ളിക്കളഞ്ഞു.
2021-04-18
		
	
