തിരുവനന്തപുരം∙മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ,സുഹൃത്ത് വഫ എന്നിവർക്ക് വിചാരണ കോടതിയുടെ സമൻസ്. ഓഗസ്റ്റ് 9ന് ഹാജരാകാനാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ്.കഴിഞ്ഞ മാസം എട്ടാം തീയതിയാണ് കീഴ്കോടതി കേസ് വിചാരണ നടപടിക്കൾക്കായി ജില്ലാ കോടതിക്ക് കൈമാറിയിരുന്നത്.
കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കവടിയാർ – മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണം എന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജി കാരണം കോടതി നടപടികൾ വിചാരണ കോടതിക്ക് കൈമാറാൻ കഴിയാതെ ഒരു വർഷമായി നീണ്ടുപോയിരുന്നു.2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ മ്യൂസിയത്തിനു സമീപത്ത് ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബഷീറിന്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.