വാട്ടർ അതോറിട്ടി 3749 കോടി നഷ്ടത്തിൽ

തിരുവനന്തപുരം: വാട്ടർ അതോറിട്ടി 3749 കോടി നഷ്ടത്തിൽ.ഇനി വെള്ളക്കരം കൂട്ടാൻ ഇനി തീരുമാനമെടുക്കേണ്ടത് പുതിയ സർക്കാറാണ്. കഴിഞ്ഞ ജനുവരിയിൽ വെള്ളക്കരം കൂട്ടാൻ തീരുമാനിച്ചെങ്കിലും തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയിൽ താത്കാലികമായി മരവിപ്പിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ നടപടിക്ക് നീക്കം തുടങ്ങി. പക്ഷേ, പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതിയ ഉത്തരവിറക്കാൻ ഈ സർക്കാരിനാവില്ല.കേന്ദ്ര സർക്കാരിന്റെ ഗ്രാമീണ ജലജീവൻ അടക്കമുള്ള പദ്ധതികൾ നടപ്പിലാക്കാൻ വാട്ടർ അതോറിട്ടിയുടെ പക്കൽ പണമില്ല.

നഷ്ടം നേരിടുന്ന സ്ഥാപനത്തിന് വായ്പ നൽകണമെങ്കിൽ വരുമാനം കൂട്ടണമെന്ന് കേന്ദ്രം നിർദേശിച്ചു. പണം തിരിച്ചടയ്ക്കുമെന്ന് ഉറപ്പുവരുത്താൻ കൂടിയാണിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളക്കരം കൂട്ടാൻ തീരുമാനിച്ചത്.”കൊവിഡ് വ്യാപനം കാരണം സംസ്ഥാനവരുമാനത്തിൽ കുറവ് വന്ന സാഹചര്യം പരിഗണിച്ച് കടമെടുപ്പ് പരിധി വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളക്കരം 5 ശതമാനം പ്രതിവർഷം വർദ്ധിപ്പിക്കുന്നതിന് ഉത്തരവിറക്കിയത്. പുതിയ സർക്കാർ ഉചിതമായ അന്തിമ തീരുമാനമെടുക്കും.