മേടമാസ പൂജകൾക്കും വിഷുപൂജകള്‍ക്കുമായി ശബരിമല ക്ഷേത്രനട തുറന്നു

പത്തനംതിട്ട: മേടമാസ പൂജകൾക്കും വിഷുപൂജകള്‍ക്കുമായി ശബരിമല ക്ഷേത്രനട തുറന്നു. ശനിയാഴ്ച വൈകുന്നേരം തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ഇന്ന് പുലര്‍ച്ചെ മുതൽ ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഞായറാഴ്ച വൈകിട്ട് ദര്‍ശനത്തിനായി എത്തും.

രണ്ട് ഡോസ് കോവിഡ് വാക്‌സിനെടുത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് ദര്‍ശനം നടത്താം. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ഏപ്രിൽ 14-ന് പുലര്‍ച്ചെ അഞ്ചിനാണ് വിഷുക്കണി ദര്‍ശനം. ശാസ്താവിനെ കണി കാണിച്ച ശേഷമാണ് ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശശനത്തിന് അനുവാദം നൽകുക.

നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 18ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

പ്രതിദിനം 10,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജല ലഭ്യത ഉറപ്പാക്കുന്നതിനായി പമ്പാ അണക്കെട്ട് തുറന്നിട്ടുണ്ട്. 18ന് രാത്രി 10ന് നട അടയ്ക്കും.