കണ്ണൂര്‍: മകന്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് വിവാദമായതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പി ജയരാജന്‍. ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി എന്ന പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ ഒറ്റവരി പോസ്റ്റാണ് വിവാദമായത്.
പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ
ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു. ഏത് സാഹചര്യത്തിലാണ് മകന് അത്തരമൊരു പോസ്റ്റിട്ടത് എന്നറിയില്ല. പാനൂര് സംഘര്ഷവുമായി ബന്ധപ്പെട്ടാണെങ്കില് ഇത്തരമൊരു അഭിപ്രായപ്രകടനത്തോട് ഞാന് യോജിക്കുന്നില്ല. ദൗര്‍ഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുള്ള യജ്ഞത്തിലാണ് പാര്ട്ടി അനുഭാവികള് ഏര്‌പ്പെടേണ്ടത്.”
മൂന്ന് മണിക്കൂര്‍ ജെയിന്‍ രാജ് പോസ്റ്റ് ചെയ്ത ഒറ്റവരി പോസ്റ്റാണ് വിവാദമായത്. പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നിരവധി പേരാണ് ജയിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. പോസ്റ്റിന് താഴെ കൊലപാതകത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേരാണ് കമന്റിട്ടിരിക്കുന്നത്.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര പാറാല്‍ സ്വദേശി മന്‍സൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഎം – മുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാത്രിയോടെ ആക്രമണമുണ്ടായത്. കണ്ണൂര്‍ പാനൂരിന് അടുത്ത് കടവത്തൂര്‍ മുക്കില്‍പീടികയിലാണ് ആക്രമണം നടന്നത്. ബോംബ് എറിഞ്ഞ് ഭീതിപടര്‍ത്തിയശേഷം മുഹ്‌സിനെയും മന്‍സൂറിനെയും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ മന്‍സൂര്‍ മരിക്കുകയായിരുന്നു. സഹോദരന്‍ മുഹ്‌സിന്‍ കോഴിക്കോട് ആശുപത്രിയില് ചികിത്സയിലാണ്. സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍് ലക്ഷ്യമിട്ടത് തന്നെയായിരുന്നുവെന്ന് കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ പ്രതികരിച്ചിരുന്നു. തന്റെ പേര് ചോദിച്ച് ഉറപ്പിച്ച ശേഷമാണ് ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചതെന്ന് സഹോദരന് മുഹ്‌സിന് പറഞ്ഞു. 20 അംഗ ഡിവൈഎഫ്‌ഐ പ്രവര്ത്തകര് ചേര്ന്നാണ് ആക്രമിച്ചത്. തന്നെ മര്ദ്ദിക്കുന്നത് കണ്ടാണ് മന്‌സൂര് ഓടിയെത്തിയതെന്ന് മുഹ്‌സിന് വെളിപ്പെടുത്തി. ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ മുഹ്‌സിന് നിലവില് കോഴിക്കോട് ആശുപത്രിയില് ചികിത്സയിലാണ്. തന്റെ കണ്‍മുന്നിലിട്ടാണ് മകനെ മൃഗീയമായി കൊലപ്പെടുത്തിയതെന്ന് പിതാവ് അബ്ദുള്ള പറഞ്ഞു.