തെരഞ്ഞെടുപ്പ് സർവേകൾ വാതുവെപ്പ് സംഘങ്ങളെ  സഹായിക്കാനോ?

Betting

പ്രത്യേക ലേഖകൻ

ഏജൻസികളുടെ തെരഞ്ഞെടുപ്പ് സർവേകളിൽ സംശയമുയരുന്നു.

കേരള നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ചില ഉത്തരേന്ത്യൻ ബന്ധമുള്ള ഏജൻസികൾ നടത്തിയ സർവേകളിൽ സംശയം ഉയരുന്നു. എന്നാൽ ചാനലുകൾക്ക് ഇതിൽ നേരിട്ട് ബന്ധമില്ല. കാലങ്ങളായി ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങി വിവിധ കായിക മത്സരങ്ങൾ വാതുവെപ്പ് സംഘങ്ങളുടെ ചാകരയാണ്. ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ച് വമ്പൻ വാതുവെപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നിയമവിരുദ്ധമായ ഇത്തരം സംഘങ്ങൾ ചിലപ്പോൾ അന്വേഷണ ഏജൻസികളുടെ വലയിൽ വീഴാറുണ്ട്. 2020 ഒക്ടോബറിൽ ഐ.പി.എൽ ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ട ഒരു വലിയ വാതുവെപ്പ് സംഘത്തെയാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് അറസ്റ്റ് ചെയ്തത്. തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡുകൾ നടന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട പല വാതുവെപ്പ് സംഘങ്ങളും പ്രമുഖ താരങ്ങളുമായിട്ടുള്ള ബന്ധങ്ങളൊക്കെ മുൻകാലങ്ങളിൽ വലിയ വിവാദമായിട്ടുണ്ട്. ഈ മേഖലയിൽ കോടികളാണ് നിയമവിരുദ്ധമായി ഒഴുകുന്നത്. വാതുവെപ്പ് – ചൂതാട്ട മാഫിയകൾ ഇന്ത്യയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പോപ്പുലറായ മത്സരങ്ങൾക്കൊക്കെ വാതുവെപ്പ് നടക്കാറുണ്ട്. ഇന്ത്യയിൽ കോടാനുകോടി രൂപ ചെലവഴിക്കുന്ന മത്സര മാമാങ്കമാണ് തെരഞ്ഞെടുപ്പ്. ഇന്ത്യൻ തെരഞ്ഞെടുപ്പിനെ വാതുവെപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമാണ് ചില കേന്ദ്രങ്ങളിൽ നിന്ന് ഇപ്പോൾ ഉയരുന്നത്. ഭാരതത്തിൽ നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിൽ ചില വെബ്സൈറ്റുകൾ വഴി വാതുവെപ്പുകൾ നടന്നതായി സൂചനയുണ്ട്.

ലോകത്തെമ്പാടും ആയിരക്കണക്കിന് കോടികൾ മറിയുന്ന ഒന്നാണ് രാഷ്ട്രീയ വാതുവെപ്പ് അഥവാ പൊളിറ്റിക്കൽ ബെറ്റിംഗ്(political  betting) . അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ലോകമെമ്പാടും ഒരുലക്ഷം കോടി ഡോളറാണ് പൊളിറ്റിക്കൽ  ബെറ്റിങ്ങിലൂടെ മറിഞ്ഞതെന്ന്  ഫ്രാൻസിലെ ഏറ്റവും പഴക്കം ചെന്ന വാർത്ത ഏജൻസിയായ എ.എഫ്. പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോക രാജ്യങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വാതുവെപ്പുകളിലൂടെ നിയമവിരുദ്ധമായി കോടികളാണ് മറിയുന്നത്. ലോകത്ത് വളരെ വേഗത്തിൽ വളരുന്ന സ്പോർട്സ് വാതുവെപ്പുകൾക്കും രാഷ്ട്രീയ വാതുവെപ്പുകൾക്കും വേണ്ടി നിരവധി വെബ്സൈറ്റുകൾ നിലവിലുണ്ട്. ഡെസ്ക്ടോപ്പ് വഴിയും മൊബൈൽ വഴിയും വാതുവെപ്പുകളിൽ പണം നിക്ഷേപിക്കാൻ ഇത്തരം സൈറ്റുകൾ അവസര.മൊരുക്കുന്നു, ബിറ്റ് കോയിന്റെ വരവോടുകൂടി വളരെപ്പെട്ടെന്ന് കള്ളപ്പണം ഉപയോഗിച്ച് വാതുവെപ്പുകൾ  നടത്തുവാൻ കഴിയുന്നു. അതുപോലെ ഇന്ത്യയിലും ചെറുതും വലുതുമായ വാതുവെപ്പുകൾ നടക്കുന്നതായിട്ടാണ് സൂചന.

തെരഞ്ഞെടുപ്പ് സർവേകൾ നടത്തുന്ന ചില ഏജൻസികളുമായി വാതുവെപ്പ് സംഘങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന ആവശ്യം ഉയരുകയാണ്. ഒരു ഏജൻസി തന്നെ പലർക്കും വേണ്ടി പല തരത്തിലുള്ള റിസൽട്ടുകൾ നൽകുന്ന സർവ്വേകൾ പലതവണകളായി നടത്തിയിട്ടുണ്ടെന്നുള്ള  ആരോപണമുയർന്നിട്ടുണ്ട്. ഇത്തരം സർവ്വേ ഏജൻസികൾ എവിടെയൊക്കെയാണ് കൃത്യമായി സർവ്വേ നടത്തിയത് ?  എങ്ങനെ നടത്തി ?  ഏത് സംവിധാനമാണ് ഉപയോഗിച്ചത് ? ആരാണ് നടത്തിയത് ?   സർവ്വേയിൽ പങ്കാളികളായവരുടെ വിവരങ്ങൾ,  വീഡിയോകൾ എന്നിവ തെളിവായി ഉണ്ടോ ?  തുടങ്ങിയ കാര്യങ്ങൾ ഒന്നും തന്നെ കൃത്യമായി പുറത്തു വന്നിട്ടില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് സർവ്വേ നടത്തുന്ന ഏജൻസികളുടെ ഉടമസ്ഥത,  അഡ്രസ്സ്, വിശ്വാസ്യത, പരിചയം എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും ലഭ്യമായിട്ടില്ല. ഒരു പ്രമുഖ ചാനലിന്റെ എഡിറ്റർ ഇൻ ചീഫ് തന്നെ  ഏജൻസികൾ നടത്തുന്ന സർവേകളിൽ തങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞിട്ടുണ്ട്.ഇത്തരം ഏജൻസികൾ നടത്തിയ സർവേകളിൽ  പൊതുസമൂഹത്തിനു സംശയം ഉണ്ടാകുന്ന നിരവധി വസ്തുതകളുണ്ട്. ആഴക്കടൽ മത്സ്യബന്ധന കരാർ, പിൻവാതിൽ നിയമനം, സ്വർണ്ണ – ഡോളർ കള്ളക്കടത്ത്, ശബരിമല തുടങ്ങി വിവാദമായ പല വിഷയങ്ങളിലും സർക്കാരിനെതിരെ വലിയതോതിൽ എതിർപ്പുണ്ട് എന്നുപറയുന്ന സർവ്വേകൾ  ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് പറയുന്നു. പല  മണ്ഡലങ്ങളിലും ജയസാധ്യതയുള്ള സ്ഥാനാർഥികളെ ബോധപൂർവം ഒഴിവാക്കിയിട്ടുണ്ട്.

സർവ്വേനടത്തുന്ന ഏജൻസികൾ നിയമവിരുദ്ധമായ കാര്യങ്ങളിലേക്ക് പോകുന്നുണ്ടോ എന്നുമുള്ള  കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. എന്നാൽ ചാനലുകൾക്ക് ഈ ഏജൻസികളുമായി കരാർ മാത്രമാണുള്ളത്. സർവ്വേ നടത്തുന്ന ഏജൻസികൾക്ക് വാതുവെപ്പ് സംഘങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ ? എന്നുമുള്ള  കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം വരുന്ന സർവ്വേകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട്   പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം നടക്കുന്ന ഇത്തരം ഏജൻസികളുടെ സർവ്വേകളിലുള്ള  വിശ്വാസ്യത,  മാഫിയ ബന്ധങ്ങൾ എന്നിവയെ സംബന്ധിച്ച് പൊതുതാൽപര്യ ഹർജികൾ നൽകാൻ ചില സാമൂഹ്യ സംഘടനകൾ ആലോചിക്കുന്നതായാണ് പുറത്തുവരുന്ന വിവരം.