വസ്തു തർക്കം; ധനുഷിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി തീർപ്പാക്കി

ചെന്നൈ: നടൻ ധനുഷിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി തീർപ്പാക്കി. വസ്തു തർക്കവുമായി ബന്ധപ്പെട്ട കേസാണ് മദ്രാസ് ഹൈക്കോടതി തീർപ്പാക്കിയത്. ചെന്നൈ പോയസ് ഗാർഡനിലെ ഒരു വസ്തുവിന്റെ പേരിലുണ്ടായിരുന്ന ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസാണ് കോടതി ഒത്തുതീർപ്പാക്കിയത്.

വസ്തുവിന്മേലുള്ള നടന്റെ അവകാശം തടയാൻ അജയ് കുമാർ ലുനാവത്തും ഹീമ ലുനാവത്തുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വിഷയം രമ്യമായി പരിഹരിക്കാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. പരാതിക്കാർ നേരിട്ടും ധനുഷ് വീഡിയോ കോൺഫറൻസിലൂടെയുമാണ് കോടതിയിൽ ഹാജരായത്. നളിന രാമലക്ഷ്മി എന്നയാൾ വാടകയ്ക്ക് താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വീട്ടിൽ ഫെബ്രുവരി 5ന് നടൻ തന്റെ സഹായികളിൽ ചിലരെ അയച്ചുവെന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും പറഞ്ഞുവെന്നുമായിരുന്നു ഹർജിയിൽ ആരോപിച്ചിരുന്നത്.

നടന്റെ സഹായികൾ സർക്യൂട്ട് ബ്രേക്കർ നീക്കം ചെയ്ത് വൈദ്യുതി ഓഫ് ചെയ്യുകയും ഉടൻ വീട് ഒഴിയണമെന്ന് ഭീഷണിപ്പെടുത്തിയതായും ഹർജിക്കാർ ആരോപിച്ചിരുന്നു.