വയനാട്: പൊതുജനങ്ങൾക്ക് കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ പി ദിനീഷ്. ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹ പറഞ്ഞു. വീട്, കടകൾ, വിവിധ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, തോട്ടം മേഖലകൾ ഉൾപ്പെടെ കൊതുക് മുട്ടയിട്ട് വളരാൻ സാധ്യതയുള്ള മാലിന്യങ്ങൾ, പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക് കവറുകൾ, വസ്തുക്കൾ, ചിരട്ട, പാളകൾ, ടയറുകൾ, ചെടിച്ചട്ടികൾ, റബ്ബർ ശേഖരിക്കുന്ന പാത്രങ്ങൾ, ഫ്രിഡ്ജിന്റെ ട്രേ, അലങ്കാരച്ചെടികൾ, തുറന്ന ടാങ്കുകൾ പരിശോധിച്ച് കൊതുക് മുട്ടയിടുന്നില്ലെന്ന് ഉറപ്പാക്കണം. വെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ 2023-ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.
പതിനായിരം രൂപ വരെ പിഴ ചുമത്താം. വീഴ്ച വരുത്തുന്നവർക്കെതിരെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലയിലെ പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫീസർമാരോ ചുമതലയുള്ള ഉദ്യോഗസ്ഥരോ കേരള പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കും. പകൽ സമയങ്ങളിൽ കടിക്കുന്ന ഈഡിസ് പെൺ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കടുത്ത പനി, തലവേദന, സന്ധി-പേശി വേദന, ക്ഷീണം, ഛർദ്ദി, വിശപ്പില്ലായ്മ ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്.
കൊതുകുകളെ അകറ്റി കൊതുകുകടി ഏൽക്കാതിരിക്കാനുള്ള ഉപാധികൾ സ്വീകരിക്കണം. മുൻകരുതലുകൾ സ്വീകരിച്ചാൽ ഡെങ്കിപ്പനി വ്യാപനം തടയാൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും ശനിയാഴ്ചകളിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിട നശികരണത്തിന് ഡ്രൈഡേ ആചരിക്കും. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല.

